CrimeNEWS

ക്രീമില്‍ പൂഴ്ത്തി സ്വര്‍ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ കണ്ണൂര്‍ സ്വദേശിനി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം.

സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.

Signature-ad

അതേസമയം, കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘാംഗത്തെയും അറസ്റ്റ് ചെയ്തു.

അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിന്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്‌സറേ സംവിധാനങ്ങളും മറികടന്ന് ഏയര്‍പോര്‍ട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്.

ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്‌സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷഫീഖിന്റെ വയറിനകത്ത് നാല് കാപ്‌സ്യൂളുകള്‍ കാണപ്പെട്ടത്. ശേഷം ഷഫീഖ് കടത്തികൊണ്ടുവന്ന സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ് (40)നെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. റഫീഖ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

 

Back to top button
error: