കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പ്രവര്‍ത്തകസമിതി അംഗമായ ശശി തരൂരിന് ക്ഷണമുണ്ടാവില്ലെന്ന് സൂചന. 23-ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയിലേക്ക് ക്ഷണം കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞദിവസം തരൂര്‍ പറഞ്ഞിരുന്നു. സഹോദരിയുടെ മകന്റെ വിവാഹമായതിനാല്‍ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും പക്ഷേ, പാര്‍ട്ടിയുടെ വിളിവന്നാല്‍ വൈകിയെങ്കിലും എത്താനാവുമോയെന്നു നോക്കുമെന്നായിരുന്നു തരൂരിന്റെ പ്രതികരണം. എന്തായാലും, റാലിയില്‍ തരൂര്‍ പങ്കെടുക്കുന്ന കാര്യത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളിലും പുറത്തും ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്.
കോഴിക്കോട്ട് മുസ്ലിംലീഗ് നടത്തിയ റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്നത് ഭീകരാക്രമണമാണെന്ന പരാമര്‍ശം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി. പലസ്തീന്‍ ജനതയ്ക്കൊപ്പമാണെന്ന് പിന്നീട് ശശി തരൂര്‍ പലപ്പോഴായി എഴുതിയും പ്രസംഗിച്ചും നിലപാട് വ്യക്തമാക്കിയെങ്കിലും ഫലം കണ്ടില്ല.
സി.പി.എം. കഴിഞ്ഞദിവസം നടത്തിയ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയിലും കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയുധമാക്കിയവയില്‍ ഒരെണ്ണം തരൂരിന്റെ പരാമര്‍ശമാണ്. തരൂരിന്റെ പ്രസംഗം മുസ്ലിംസമുദായത്തില്‍ അതൃപ്തിയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. നേരത്തേ ശശി തരൂരിനെതിരേ തിരിഞ്ഞ നേതാക്കള്‍ക്ക് അദ്ദേഹത്തിനെതിരേ ഉപയോഗിക്കാനുള്ള ആയുധംകൂടിയായി ലീഗ് റാലിയിലെ പ്രസംഗം.
എന്നാല്‍, തരൂര്‍ ഉള്‍പ്പെടെ എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് സംഘാടകസമിതിക്ക് നേതൃത്വം നല്‍കുന്ന എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. ആരെയൊക്കെ ക്ഷണിക്കണമെന്ന് കെ.പി.സി.സി. നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാറും വ്യക്തമാക്കി. ആരൊക്കെയാണ് റാലിയില്‍ പങ്കെടുക്കുകയെന്ന് പാര്‍ട്ടിനേതൃത്വമാണ് തീരുമാനിക്കുകയെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.