മുതിർന്ന ഒരു വ്യക്തി ദിവസത്തിൽ ഉറങ്ങേണ്ടത് ശരാശരി ഏഴ് മണിക്കൂർ ആണ്; പക്ഷേ അതിലും കുറവായാലോ! പ്രശ്നം തന്നെയാണെന്നാണ് വിദഗ്ധർ
മുതിർന്ന ഒരു വ്യക്തി ദിവസത്തിൽ ഉറങ്ങേണ്ടത് ശരാശരി ഏഴ് മണിക്കൂർ ആണ്. ഏഴ്- എട്ട് മണിക്കൂർ ആണ് ഉറങ്ങേണ്ട സമയം. ഇത് ഏഴ് ആയാലും മതി. പക്ഷേ അതിലും കുറവായാലോ! അത് അൽപം പ്രശ്നം തന്നെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിന് തക്കതായ കാരണങ്ങളുമുണ്ട്.
ഈ ഏഴ് മണിക്കൂർ ഉറക്കത്തിലാണ് നമ്മുടെ ശരീരത്തിലെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നത്. കോശങ്ങൾ അവരുടെ കേടുപാടുകൾ പരിഹരിച്ച് സ്വയം പുനരുജ്ജീവിപ്പിക്കുന്നു, പേശികളും അവയുടെ പ്രയാസങ്ങളെ അതിജീവിച്ച് ആരോഗ്യകരമായ അവസ്ഥയിലേക്ക് എത്തുന്നു. തലച്ചോർ ആവശ്യത്തിന് വിശ്രമം നേടി ‘റീഫ്രഷ്’ ആകുന്നു. ഇത് ഓർമ്മ- ശ്രദ്ധ – പ്രശ്ന പരിഹാരം എന്നിങ്ങനെയുള്ള, നിത്യജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ട കാര്യങ്ങളിൽ മൂർച്ച വരുത്തുന്നു.
ഹോർമോൺ ബാലൻസ് തെറ്റാതെ ശരീരം കൊണ്ടുപോകുന്നതും ഇതിലൂടെ പലവിധ ശാരീരികധർമ്മങ്ങളും ക്രമത്തോടെ പോകുന്നതും ഉറക്കത്തിൻറെ സഹായത്തോടെയാണ്.
ഉറക്കം ഏഴ് മണിക്കൂറിൽ താഴെയാകുന്നതോടെ ഇത്രയും കാര്യങ്ങൾ നടക്കാതെ വന്നാൽ തന്നെ നമ്മുടെ ജീവിതം എത്രത്തോളം പ്രയാസഭരിതമായി എന്നതിനെ കുറിച്ച് ഇനി നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലേയുള്ളൂ. എങ്കിലും ദിവസവും ഏഴ് മണിക്കൂറിൽ താഴെ മാത്രം ഉറങ്ങിയാൽ നിങ്ങൾക്ക് സംഭവിക്കാവുന്ന ചില പ്രശ്നങ്ങളെ കുറിച്ച് അൽപം കൂടി മനസിലാക്കൂ…
ജോലിയും പഠനവും…
ഉറക്കം ആവശ്യമായത്ര കിട്ടാത്തപക്ഷം തളർച്ച നിങ്ങളെ മുഴുവൻ സമയവും പിടികൂടുന്നു. ഒപ്പം നിങ്ങളുടെ ഉത്പാദനക്ഷമതയും കുറയുന്നു. ഇത് ജോലി ചെയ്യുന്നവരെയും പഠിക്കുന്നവരെയുമെല്ലാം ഒരുപോലെ ബാധിക്കുന്നതാണ്. ഉന്മേഷമില്ലായ്മയാണെങ്കിൽ ദിവസം മുഴുവൻ ചെയ്യുന്ന കാര്യങ്ങളിലെല്ലാം പ്രതിഫലിക്കാം. ശ്രദ്ധയില്ലായ്മ, താൽപര്യമില്ലായ്മ, മുൻകോപം എല്ലാം ഇങ്ങനെ വരാം. ഇതെല്ലാം നിങ്ങളെ ആകെ തന്നെ തകർക്കുന്ന കാര്യങ്ങളാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.
ശരീരവണ്ണം…
രാത്രിയിൽ പതിവായി ഏഴ് മണിക്കൂറിൽ താഴെയാണ് ഉറങ്ങുന്നതെങ്കിൽ ഇവരിൽ ശരീരഭാരം കൂടാനുള്ള സാധ്യത വളരെയുണ്ട്. ഉറക്കം പോരാതെ വരുമ്പോൾ അതുണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് ഇത്തരത്തിൽ വണ്ണം കൂടുന്നതിന് കാരണമായി വരുന്നത്.
അസുഖങ്ങൾ…
ഉറക്കം പതിവായി മുഴുവനായി എടുക്കുന്നില്ലെങ്കിൽ അത് ക്രമേണ നമ്മുടെ രോഗപ്രതിരോധ ശേഷിയെയും ബാധിക്കും. പ്രതിരോധശേഷി കുറഞ്ഞുവരുന്നതിന് അനുസരിച്ച് നമുക്ക് പലവിധരോഗങ്ങളും പതിവായി വരാം.
മാനസികാരോഗ്യപ്രശ്നങ്ങൾ…
പതിവായി ആവശ്യമുള്ളത്രയും ഉറക്കം ലഭിച്ചില്ലെങ്കിൽ നമ്മൾ നേരിട്ടേക്കാവുന്ന വലിയൊരു പ്രതിസന്ധിയാണ് വിവിധ മാനസികാരോഗ്യപ്രശ്നങ്ങൾ. ഒന്നാമതായി ഉറക്കം പൂർത്തിയായില്ലെങ്കിൽ അത് തലച്ചോറിൻറെ ആകെ പ്രവർത്തനത്തെ തന്നെ ബാധിക്കും. ഓർമ്മ, ചിന്താശേഷി, ശ്രദ്ധ, വ്യക്തത, പഠനശേഷി എന്നിവയെല്ലാം ബാധിക്കപ്പെടുകയാണ്. ഇതുതന്നെ വ്യക്തിയെ വലിയ രീതിയിൽ ബാധിക്കും.
ഇതിന് പുറമെ അസ്വസ്ഥത, മുൻകോപം, മൂഡ് ഡിസോർഡർ, ഉത്കണ്ഠ, സ്ട്രെസ് എന്നിങ്ങനെയുള്ള മാനസികാരോഗ്യപ്രശ്നങ്ങളും നേരിടാം. വിഷാദരോഗത്തിനും ഉറക്കമില്ലായ്മ കാരണമായി വരാറുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ വ്യക്തിയെ ആകെ തകർക്കുന്നതിലേക്ക് തന്നെ നയിക്കാം.