IndiaNEWS

നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണു; 36 തൊഴിലാളികള്‍ കുടുങ്ങി, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരുഭാഗം ഇടിഞ്ഞു വീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങി. ഉത്തരകാശിയിലാണ് സംഭവം. 36 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

യമുനോത്രി ധാമില്‍ നിന്ന് ഉത്തരകാശിയിലേക്കുള്ള യാത്രാ ദൂരം 26 കിലോമീറ്റര്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഛാര്‍ ധാം റോഡ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചുകൊണ്ടിരിക്കുന്ന ടണലിലാണ് അപകടം സംഭവിച്ചത്. ആകെ നാലര കിലോമീറ്റര്‍ നീളമുള്ള ടണലിന്റെ 150 മീറ്റര്‍ ഭാഗത്താണ് അപകടമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. പുലര്‍ച്ചെ നാല് മണിയോടെ ഈ ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.

Signature-ad

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ ആരംഭിച്ചു. ഉത്തര്‍കാശി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. അഗ്നിശമന സേനയും നാഷണല്‍ ഹൈവേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നു.

ടണല്‍ തുറക്കാന്‍ ഏകദേശം 200 മീറ്റര്‍ സ്ലാബ് നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ചെറിയ വിടവുണ്ടാക്കി ഓക്സിജന്‍ പൈപ്പ് കടത്തിവിട്ട് അകത്ത് കുടുങ്ങിപ്പോയവര്‍ക്ക് ശ്വാസ തടസമുണ്ടാവാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നാഷണല്‍ ഹൈവേയ്സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് തുരങ്കം നിര്‍മിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും എത്രയും വേഗം സുരക്ഷിതരായി പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് പൊലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: