പാലക്കാട്: സിപിഐ പാര്‍ട്ടി ഓഫീസ് പരിസരത്ത് നിന്ന് തേക്ക് അടക്കമുള്ള മരങ്ങള്‍ മുറിച്ച സംഭത്തില്‍ നേതൃത്വത്തിനെതിരെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കാന്‍ സാധ്യത. ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വനംവകുപ്പിന് പരാതി നല്‍കിയ ഷിബു കുര്യന്‍, സിറില്‍ ബെന്നി, ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ഇവരില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗം തീരുമാനിച്ചു.
അടിസ്ഥാന രഹിതമായ പരാതിയുന്നയിച്ച് പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ചാണ് അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നേതൃത്വം ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ലോക്കല്‍ കമ്മറ്റി യോഗം, ഇവരില്‍ നിന്ന് വിശദീകരണം തേടാന്‍ തീരുമാനിച്ചു. തകര്‍ച്ചാ ഭീഷണി നേരിടുന്ന പാര്‍ട്ടി ഓഫീസ്, പൊളിച്ച് പണിയാനാണ് മരങ്ങള്‍ മുറിച്ചതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. ഇത് മറച്ചുവെച്ച് ബ്രാഞ്ച് സെക്രട്ടറിക്കെട്ടിക്കെതിരെ അനാവശ്യമായി ആരോപണമുന്നയിച്ചെന്ന് കാട്ടി മൂവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.
പാലക്കാട്ടെ സിപിഐയില്‍ വിഭാഗീയത ശക്തമായ മേഖലകളില്‍ ഒന്നാണ് കിഴക്കഞ്ചേരി. കഴിഞ്ഞ സമ്മേളന കാലത്ത് അച്ചടക്ക നടപടികളുടെ ഭാഗമായി മേഖലയിലെ ഏതാനും പേരെ പാര്‍ട്ടി നേതൃത്വം പുറത്താക്കിയിരുന്നു. എന്നിട്ടും പ്രദേശത്തെ പ്രവര്‍ത്തകര്‍ക്കിടയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ മരംമുറി വിവാദം.