
കോട്ടയം: കടബാധ്യതയെ തുടര്‍ന്ന് നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് ആത്മഹത്യ ചെയ്തത് ഏറെ വിഷമകരമാണെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. നാടിന്റെ നട്ടെല്ലായ കര്‍ഷകനെയാണ് നഷ്ടപ്പെട്ടത്. ജയസൂര്യയുടെ പ്രസംഗത്തിന്റെ പേരില്‍ തന്നെ ആക്രമിച്ചത് ഇതേ വിഷയത്തിലാണെന്നും കൃഷ്ണപ്രസാദ് ചൂണ്ടിക്കാട്ടി. നെല്ല് സംഭരിച്ച ശേഷം കര്‍ഷകര്‍ക്കു പണം നല്‍കുന്നത് വായ്പയായി ആണെന്ന് തിരിച്ചറിഞ്ഞത് അന്ന് ആ വിവാദത്തിന്റെ പേരിലാണ്. വായ്പ എടുക്കാന്‍ ബാങ്കിലെത്തുമ്പോഴാണ് സിബില്‍ സ്‌കോര്‍ ഇല്ലെന്ന് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ജയസൂര്യ കൃഷിമന്ത്രി ഇരിക്കുന്ന വേദിയില്‍ എന്റെ പേരടക്കം പരാമര്‍ശിച്ച് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. അത് കര്‍ഷകര്‍ക്ക് തുക ലഭിക്കാനുള്ളതിനാലാണ്. അദ്ദേഹത്തിന് കര്‍ഷകനെന്ന നിലയില്‍ എന്നെ മാത്രമാണ് അറിയുന്നത്. അതുകൊണ്ടാണ് എന്റെ പേര് പരാമര്‍ശിച്ചത്. പിറ്റേദിവസം എനിക്കു പണം ലഭിച്ചെന്നു പ്രചാരണം നല്‍കി എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. എനിക്കു പണം ലഭിക്കാനല്ല, ഇവിടുത്തെ കര്‍ഷകരെല്ലാം സമരം ചെയ്തത്. നെല്‍ കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്തത്.’ കൃഷ്ണപ്രസാദ് പറഞ്ഞു.
ലഭിച്ച പണം വായ്പയാണെന്ന് താന്‍ ചാനല്‍ചര്‍ച്ചയിലൂടെ പറഞ്ഞപ്പോഴാണല്ലോ കേരള സമൂഹം അറിഞ്ഞതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. ‘നിശ്ചിത സമയത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കു സിബില്‍സ്‌കോര്‍ നഷ്ടപ്പെടുകയാണ്. പിന്നീട് കുഞ്ഞുങ്ങളുടെ പഠനത്തിനോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കോ ബാങ്കിനെ സമീപിക്കുമ്പോഴാണ് വായ്പ എടുത്തിട്ടുണ്ടെന്നു മനസ്സിലാകുന്നത്. അപ്പോഴാണ് നെല്ലിന്റെ പണമായി ലഭിച്ചത് വായ്പയാണെന്ന് തിരിച്ചറിയുന്നത്.’ അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ കൃഷി ആവശ്യമില്ലെന്നാണ് ഒരു മന്ത്രി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞത്. വളരെ വേദന തോന്നി. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി ഇങ്ങനെ പറയുമ്പോള്‍ ആരാണ് കര്‍ഷകനെ സഹായിക്കാനുള്ളതെന്നും കൃഷ്ണപ്രസാദ് ചോദിച്ചു. നാലില്‍ മൂന്ന് എന്നുപറയുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണമാണ്. അത് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.