ആലപ്പുഴ: കടബാധ്യതയെ തുടര്‍ന്ന് നെല്‍ കര്‍ഷകന്‍ തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയില്‍ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ഫോണ്‍ സംഭാഷണം പുറത്ത്. താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് പുറത്തുവന്നത്. സര്‍ക്കാരിന് നെല്ലു കൊടുത്തിട്ടും പണം കിട്ടിയില്ലെന്നും പിആര്‍എസ് കുടിശികയുടെ പേരു പറഞ്ഞ് വായ്പ നിഷേധിച്ചെന്നും പ്രസാദ് പറയുന്നുണ്ട്.
‘ഞാന്‍ പരാജയപ്പെട്ടു പോയ കര്‍ഷകനാ. കുറേ ഏക്കറുകള്‍ നിലം ഞാന്‍ കൃഷി ചെയ്തു. കൃഷി ചെയ്തിട്ട് നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് കാശ് തന്നില്ല. ഞാന്‍ തിരിച്ച് ലോണ്‍ ചോദിച്ചു. ലോണ്‍ ചോദിച്ചപ്പോള്‍ പിആര്‍എസ് കുടിശികയുള്ളതുകൊണ്ട് ലോണ്‍ തരില്ലെന്ന് പറഞ്ഞു. എന്തു പറയാനാ..ഞാന്‍ പരാജയപ്പെട്ടുപ്പോയി സഹോദരാ, എന്റെ ജീവിതവും പരാജയപ്പെട്ടുപോയി.
20 കൊല്ലം മുന്‍പ് മദ്യപാനം നിര്‍ത്തിയവനാ. പക്ഷേ ഇപ്പോ ഞാന്‍ വീണ്ടും മദ്യപാനം തുടങ്ങി. സഹോദരാ നിങ്ങള്‍ എനിക്കു വേണ്ടി ഫൈറ്റ് ചെയ്യണം. ഞാന്‍ പരാജയപ്പെട്ടു പോയി. എനിക്ക് നില്‍ക്കാന്‍ മാര്‍ഗമില്ല. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു. സര്‍ക്കാര് എനിക്ക് കാശ് തന്നില്ല. ഞാനിപ്പോള്‍ കടക്കാരനാണ്. ഞാന്‍ മൂന്നേക്കര്‍ ഇപ്പോള്‍ കൃഷിയിറക്കിയിട്ടുണ്ട്. അതിന് വളമിടാനുമൊന്നും കാശില്ല. ഞാന്‍ ലോണിനു വേണ്ടി അപേക്ഷിച്ചപ്പോള്‍ അവര് പറയുന്നത് പിആര്‍എസ് കുടിശികയാണെന്നാ.
5 ലക്ഷം രൂപയാണ് എന്റെ പേരില്‍ സിബില്‍ കാണിക്കുന്നത്. കാരണം ഞാന്‍ നെല്ല് അങ്ങോട്ട് കൊടുത്തു. അവരെനിക്ക് 5 ലക്ഷം രൂപ ലോണായിട്ടാ തന്നത്. ഞാനിപ്പോള്‍ സര്‍ക്കാരിന് കടക്കാരനാ. നെല്ലിന്റെ പൈസ ലോണായിട്ടാ എനിക്ക് കിട്ടിയത്. സര്‍ക്കാരത് തിരിച്ചടിച്ചിട്ടില്ല. സര്‍ക്കാര് അത് ബാങ്കുകാര്‍ക്ക് കൊടുത്താലേ എന്റെ ലോണ്‍ തീരുകയുള്ളൂ. അല്ലാതെ അവരെനിക്ക് വേറെ ലോണ്‍ തരില്ല.എനിക്കിപ്പോ ആരും പണം തരില്ല. ഞാന്‍ പരാജയപ്പെട്ടവനാ”എന്നാണ് പ്രസാദ് ഫോണ്‍ സംഭാഷണത്തില്‍ വേദനയോടെ പറയുന്നത്. ”ചേട്ടന്‍ വിഷമിക്കേണ്ട, ഞങ്ങളെല്ലാം കൂടെയുണ്ടെന്ന്” ഫോണിന്റെ മറുതലയ്ക്കലുള്ള ആള്‍ പറയുന്നുണ്ടെങ്കിലും ‘നിങ്ങള്‍ എന്ത് ചെയ്യാനാ’ എന്നാണ് തിരിച്ച് ചോദിക്കുന്നത്. കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തെന്ന് നാളെ അറിയുമെന്നും പ്രസാദ് പറയുന്നു.
”ചേട്ടന്‍ വിഷമിക്കേണ്ട, ഞാനിപ്പോള്‍ വീട്ടിലേക്ക് വരാമെന്ന്” സുഹൃത്ത് പറയുമ്പോള്‍, ”നിങ്ങള്‍ വരണം, എനിക്ക് റീത്ത് വയ്ക്കണം” എന്നാണ് പ്രസാദ് പറയുന്നത്. ”റീത്ത് വയ്ക്കുക മാത്രമല്ല, നിങ്ങള്‍ അവരോട് ചോദിക്കണം. ഞാന്‍ ആരോട് പറയാനാ. ഞാന്‍ കൃഷി ചെയ്ത നെല്ല് സര്‍ക്കാരിന് കൊടുത്തു, സര്‍ക്കാര്‍ അരി വാങ്ങിച്ചു…ഞാന്‍ എന്തു പറയാനാ..ഞാന്‍ സഹികെട്ടു പോയി” എന്നാണ് പ്രസാദ് പറയുന്നത്. ജീവിതം മടുത്തുന്നെന്നും താന്‍ മരിക്കുമെന്നും പ്രസാദ് ആവര്‍ത്തിച്ചു പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. താന്‍ മരിച്ചു പോയാലും കുടുംബത്തിന് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍ സഹായിക്കണമെന്നും സുഹൃത്തിനോട് പറയുന്നുണ്ട്.
ഭാരതീയ കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയായ പ്രസാദ് വെള്ളിയാഴ്ച രാത്രിയിലാണ് വിഷം കഴിച്ചത്. തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ മരിച്ചു.