KeralaNEWS

രണ്ട് മന്ത്രിമാരുടെ ‘കാലാവധി’ ഈ മാസം അവസാനിക്കും; നിര്‍ണായക യോഗങ്ങള്‍ ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു എംഎല്‍എ മാത്രമുള്ള പാര്‍ട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വര്‍ഷ കാലാവധി ഈ മാസം തീരാനിരിക്കെ നിര്‍ണായക ഇടതുമുന്നണി യോഗം ഇന്ന് ചേരും. രാവിലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ഉച്ചയ്ക്ക് മൂന്നിന് ഇടതുമുന്നണി യോഗവുമാണ് നടക്കുക. പുനഃസംഘടന മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകും.

ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധി ആന്റണി രാജു, ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐഎന്‍എല്‍) പ്രതിനിധി അഹമദ് ദേവര്‍കോവില്‍ എന്നിവരുടെ കാലാവധി ഈ മാസം 20 നാണ് പൂര്‍ത്തിയാവുക. മന്ത്രിസഭാ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബര്‍ 25നകമാണ് പുനഃസംഘടന നടക്കേണ്ടത്. ഇവര്‍ക്ക് പകരം കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് ഇടതുമുന്നണിയിലെ ധാരണ. എന്നാല്‍, നവംബര്‍ 18ന് ആരംഭിക്കുന്ന നവകേരള സദസ് പൂര്‍ത്തിയായിട്ട് മതിയോ പുനഃസംഘടനയെന്നാണ് ഇന്ന് ചര്‍ച്ചയാവുക.

Signature-ad

മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ പര്യടനം നടത്തുന്ന പരിപാടിയാണ് നവകേരള സദസ്. സര്‍ക്കാരിന്റെ വിലയിരുത്തലാണ് എന്നതിനാല്‍ എല്ലാ മന്ത്രിമാരും പരപാടിയില്‍ വേണമെന്ന അഭിപ്രായം മുന്നണിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നവകേരള സദസിന് ശേഷം മാത്രം പുനഃസംഘടന എന്ന തീരുമാനത്തിലേക്ക് എല്‍ഡിഎഫ് എത്താനാണ് സാധ്യത.

നവകേരള സദസിന് മുന്‍പ് തന്നെ പുനഃസംഘടന വേണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നത്തെ മുന്നണി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യാമെന്നാണ് കേരളാ കോണ്‍ഗ്രസ് ബിക്ക് ലഭിച്ചിരിക്കുന്ന മറുപടി. നിലവിലുള്ള മന്ത്രിമാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് നവകേരള സദസിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും തയാറാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ 24ന് മണ്ഡല പര്യടനം പൂര്‍ത്തിയായശേഷമാകും പുനഃസംഘടന നടക്കുക.

മന്ത്രിസഭ പുനഃസംഘടനയ്ക്ക് പുറമെ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്‌സിഡിയുള്ള 13 അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവും യോഗത്തില്‍ ചര്‍ച്ചയാകും. അവശ്യ സാധനങ്ങള്‍ക്ക് വില കൂടില്ലെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച നയമായിരുന്നതിനാല്‍ മുന്നണി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്.

 

Back to top button
error: