KeralaNEWS

പോക്‌സോ അതിജീവിതയുടെ വിവരങ്ങള്‍ പരസ്യമാക്കി; വൈക്കം തഹസില്‍ദാര്‍ക്കെതിരെ പരാതി

ആലപ്പുഴ/േകാട്ടയം: പോക്‌സോ കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നു വൈക്കം തഹസില്‍ദാര്‍ക്കെതിരെ ഗുരുതര പരാതി. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഇദ്ദേഹം മുന്‍പു കൈക്കൂലി ചോദിച്ചതു വിജിലന്‍സിനെ അറിയിച്ചിരുന്നെന്നും അതിന്റെ പക പോക്കിയതാണെന്നും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പീഡനവിവരം നാട്ടിലാകെ ചര്‍ച്ചയായതിന്റെ ആഘാതം താങ്ങാനാകാതെ കുട്ടിയുടെ അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രിക്കും ആലപ്പുഴ എസ്പിക്കും ഉള്‍പ്പെടെ നല്‍കിയ പരാതിയില്‍ പിതാവ് ആരോപിച്ചു.

ആരോപണങ്ങള്‍ വൈക്കം തഹസില്‍ദാര്‍ ഇ.എം.റജി നിഷേധിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ മിശ്രവിവാഹിതരായതിനാല്‍ ജാതി സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതു പരിഹരിക്കാന്‍ കിര്‍ത്താഡ്‌സിന്റെ മറുപടിക്കായി കാത്തതിനാലാണു കാലതാമസമുണ്ടായത്. കുട്ടിയുടെ വിവരങ്ങള്‍ ആരോടും പങ്കുവച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Signature-ad

വൈക്കം സ്വദേശികളായ കുടുംബം ഇപ്പോള്‍ ആലപ്പുഴയിലാണു താമസിക്കുന്നത്. ഓഗസ്റ്റിലാണു സ്‌കോളര്‍ഷിപ്പിനായി സ്‌കൂളില്‍ ഹാജരാക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റിനു വേണ്ടി വൈക്കം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്.

പരാതിയില്‍ പറയുന്നത്: ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാര്‍ 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. വിജിലന്‍സില്‍ പരാതിപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല. തഹസില്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമില്ല. സെപ്റ്റംബറിലാണു കുട്ടിക്കുനേരെ ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്തു. പൊലീസ് വൈക്കം തഹസില്‍ദാരെ സമീപിച്ചു കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തേടി. അപ്പോഴും കൊടുത്തില്ല.

ഒക്ടോബര്‍ 7ന് കോട്ടയം കലക്ടറെ കണ്ടു പരാതിപ്പെട്ടപ്പോള്‍ 10ന് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു. കഴിഞ്ഞ ദിവസം വൈക്കത്ത് ഒരു മരണവീട്ടിലെത്തിയപ്പോള്‍, മകള്‍ പീഡിപ്പിക്കപ്പെട്ടോ എന്നു സമുദായ സംഘടനാ ഭാരവാഹികള്‍ നേരിട്ടു ചോദിച്ചു. തഹസില്‍ദാര്‍ പറഞ്ഞാണു വിവരങ്ങള്‍ അറിഞ്ഞതെന്നും ഇവര്‍ പറഞ്ഞു.

Back to top button
error: