NEWSWorld

നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം, 5.6 തീവ്രത; ഇന്ത്യയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളില്‍ അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം ഡല്‍ഹി അടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടു. നാലുദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്.

വെള്ളിയാഴ്ച ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 150ലധികം പേരാണ് മരിച്ചത്. പടിഞ്ഞാറന്‍ നേപ്പാളിലെ ജജര്‍കോട്ട് അടക്കമുള്ള പ്രദേശങ്ങളെയാണ് അന്ന് ഭൂചലനം പിടിച്ചുകുലുക്കിയത്. 8000 വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ഭൂചലനത്തിന്റെ ദുരിതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ആശങ്ക കൂട്ടി നേപ്പാളില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസം നടന്ന ഭൂചലനത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമായി അവശ്യവസ്തുക്കള്‍ നിറച്ച രണ്ട് ട്രക്കുകള്‍ കൂടി നേപ്പാളിലേക്ക് ഇന്ത്യ അയച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നി അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം ദുരിതബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നേരിടുന്നുണ്ട്. ഇവര്‍ക്ക് ആശ്വാസം എന്ന നിലയിലാണ് അവശ്യവസ്തുക്കള്‍ അടങ്ങിയ ട്രക്കുകള്‍ അയച്ചത്. ഇന്നലെ അവശ്യവസ്തുക്കളുമായി വ്യോമസേനയുടെ സി-130 വിമാനം നേപ്പാളില്‍ എത്തിയിരുന്നു.

Back to top button
error: