ജറുസലേം: പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ഇസ്രയേലില്‍ വന്‍ പ്രതിഷേധം. മധ്യ ജറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗികവസതിക്കുമുന്നില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തതില്‍ നെതന്യാഹുവിനുനേരെ രോഷം കനക്കുകയാണ്.
ഇസ്രയേലിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഇന്റലിജന്‍സ് വീഴ്ചയായാണ് ആക്രമണത്തെ കണക്കാക്കുന്നത്. യുദ്ധം ഒരുമാസത്തിലേക്ക് കടക്കവേ തെക്കന്‍ ഇസ്രയേലില്‍ പ്രതിസന്ധി രൂക്ഷമാണ്. ഹമാസ് നിരന്തരം റോക്കറ്റുകള്‍ തൊടുക്കുന്നതിനാല്‍ ഇവിടെനിന്ന് 2.5 ലക്ഷം ആളുകളാണ് പലായനംചെയ്തത്. ഹമാസ് പിടികൂടിയ 240 ബന്ദികളുടെ മോചനവും അനിശ്ചിതത്വത്തിലാണ്.
ബന്ദികളെ മോചിപ്പിക്കുംവരെ വെടിനിര്‍ത്തില്ലെന്നാണ് നെതന്യാഹുഭരണകൂടത്തിന്റെ നിലപാട്. യുദ്ധം ഇസ്രയേലിന്റെ സമ്പദ്വ്യവസ്ഥയെയും ബാധിച്ചു. കറന്‍സിയായ ഷെക്കീല്‍ രണ്ടാം ഇന്‍തിഫാദയ്ക്കുശേഷമുള്ള ഏറ്റവുംവലിയ മൂല്യത്തകര്‍ച്ചയിലാണ്.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ യു.എസിലും യൂറോപ്പിലും അറബ് രാഷ്ട്രങ്ങളിലും വ്യാപകപ്രതിഷേധം. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്പിലെ പ്രധാന നഗരങ്ങളായ പാരീസ്, ബെര്‍ലിന്‍, ബുക്കാറെസ്റ്റ്, മിലാന്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.