KeralaNEWS

പത്തനംതിട്ടയ്ക്ക് ഇന്ന് 41 വയസ് 

പ്രായം കൊണ്ട് ഇന്നും യൗവ്വനം വിട്ടുമാറാത്ത ഒരു ജില്ലയാണെങ്കിലും പത്തനംതിട്ട അത്ര നിസ്സാരക്കാരനല്ല. ശബരിമലയും മാരാമണ്ണും ആറൻമുളയും ഗവിയുമൊക്കെ ചേർന്ന പത്തനംതിട്ടയുടെ പ്രശസ്തി ഈരേഴ് ലോകവും കടന്നതാണ്.
ചരിത്രവും ഐതിഹ്യങ്ങളും ഇഴചേർന്നു കിടക്കുന്ന ഭൂപ്രകൃതിയാണ് പത്തനംതിട്ടയുടേത്. ക്ഷേത്രങ്ങളും പടുകൂറ്റൻ കരിമ്പാറകളും മലകളും വെള്ളച്ചാട്ടങ്ങളും പുൽമേടുകളും തടാകങ്ങളുമൊക്കെ ഇഴചേർന്ന് അതങ്ങനെ നീളുന്നു.അന്തരീക്ഷ മലിനീകരണവും ഇവിടെ വളരെ കുറവാണ്.വിദേശ ടൂറിസ്റ്റുകളെയും സ്വദേശികളെയും ഒരു പോലെ ആകർഷിക്കുന്ന ഒരു ഘടകമാണ് ഇതെന്നാണ് യുണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ അവരുടെ റിപ്പോർട്ടിൽ  പറയുന്നത്.
1982 നവംബർ മാസം ഒന്നാം തീയതിയാണ് കേരളത്തിലെ പതിമൂന്നാമത്തെ ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമാകുന്നത്. രാജ്യത്തെ ആദ്യ പോളിയോ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെട്ട പത്തനംതിട്ട 2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ഏറ്റവും സാക്ഷരതയുള്ള ജില്ലയുമാണ്. 2013-ലെ സെൻസസ് പ്രകാരം 1.17% മാത്രം ദാരിദ്ര്യമുള്ള പത്തനംതിട്ട ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള 5 ജില്ലകളിലൊന്നുമാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ ശുദ്ധവായു ലഭിക്കുന്ന ജില്ലയും( ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ ശുദ്ധമായ വായു ലഭിക്കുന്നത്)  പത്തനംതിട്ടയാണ്.
കൂടാതെ ആദ്യമായി ഷുഗർ ഫാക്ടറി സ്ഥാപിച്ച ജില്ല,വിശ്വപ്രസിദ്ധമായ ധർമശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്ന ശബരിമല, പൊങ്കാലക്ക് പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം, ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൂട്ടായ്മ  എന്ന് വിശേഷിപ്പിക്കാവുന്ന മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, പടയണിക്ക് പ്രസിദ്ധമായ കടമ്മനിട്ട ഭഗവതി ക്ഷേത്രം വർ‌ഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം ആയിരത്തോളം വർഷം പഴക്കമുള്ള വായ്പൂര് മുസ്ലിം പഴയ പള്ളി, ആറന്മുളക്കണ്ണാടിയാലും, ആറന്മുള വള്ളം‌കളിയാലും, ആറന്മുള ക്ഷേത്രത്താലും പ്രസിദ്ധമായ ആറന്മുള, കഥകളി ഗ്രാമമായ അയിരൂർ, ലോകത്തിലെ ഏക ചിലന്തിയമ്പലം നിലകൊള്ളുന്ന കൊടുമൺ, 24 മണിക്കൂറും ദർശനം ഉള്ള ഏക ക്ഷേത്രമായ  കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്,പെരുന്തേനരുവി ഉൾപ്പടെ പേരു കേട്ട രണ്ടു ഡസനോളം വെള്ളച്ചാട്ടങ്ങൾ,കക്കി ആനത്തോട് ഉൾപ്പടെയുള്ള ആറോളം ഡാമുകൾ,ഗവി, സരസകവി മുലൂർ ജനിച്ച ഇലവുംതിട്ട, വേലുത്തമ്പി ദളവയുടെ അന്ത്യം സംഭവിച്ച മണ്ണടി,കണ്ണശ്ശ കവികളുടെ ജൻമനാടായ നിരണം, എട്ടാം നൂറ്റാണ്ടിലേതെന്നു കരുതുന്ന കവിയൂർ ശിവക്ഷേത്രം, ക്രിസ്തു ശിഷ്യനായ സെന്റ് തോമസിനാൽ സ്ഥാപിതമായ നിരണം,നിലയ്ക്കൽ പള്ളികൾ, ഓർമ്മ പെരുന്നാളിന് പ്രസിദ്ധമായ പരുമല പള്ളി, വലിയകോയിക്കൽ ക്ഷേത്രം നിലകൊള്ളുന്ന പന്തളം, മഞ്ഞിനിക്കര തീർത്ഥാടന കേന്ദ്രം, വയൽ വാണിഭം കൊണ്ട് പ്രസിദ്ധമായ ഓമല്ലൂർ, നദി പ്രദക്ഷിണം ചെയ്യുന്ന വലചുഴിദേവിക്ഷേത്രം, മരമടിക്കു പേരുകേട്ട ആനന്ദപ്പള്ളി,  പ്രസിദ്ധമായ ശിവപാർവ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആനിക്കാട്ടിലമ്മക്ഷേത്രം,മാലിക് ദിനാർ സ്ഥാപിച്ച മാലിക് ദീനാർ പള്ളി.തിരുവല്ലയിലെ കൂടാരപ്പള്ളി അയ്യപ്പൻമാരുടെ സ്നാന ഘട്ടമായ പമ്പാ ത്രിവേണി, റാന്നി ഹിന്ദു മഹാസമ്മേളനം, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്… തുടങ്ങി പത്തനംതിട്ടയുടെ 41 വർഷങ്ങളുടെ അക്കപ്പോരിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്ന സംഭവങ്ങൾ ഇവിടെ ഏറെയാണ്.
പമ്പ, അച്ചൻകോവിൽ, മണിമല..എന്നീ നദികൾ ജില്ലയിലൂടെയാണ് ഒഴുകുന്നത്.ഇതിൽ അച്ചൻകോവിൽ ആറിന്റെ തീരത്താണ് പത്തനംതിട്ട പട്ടണം. ആറിന്റെ തീരത്തുള്ള തിട്ട അല്ലെങ്കിൽ പട്ടണം ഇവ രണ്ടും കൂടി ചേർന്ന “പട്ടണംതിട്ട”ലോപിച്ചാണ് ഇന്നത്തെ പത്തനംതിട്ടയായത്.

Back to top button
error: