NEWSWorld

ഓസ്ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സൗദി

റിയാദ്: 2034-ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 31 ആയിരുന്നു. ചൊവ്വാഴ്ച ആതിഥേയ രാഷ്ട്രമാകാനുള്ള നീക്കത്തില്‍നിന്ന് പിന്‍വാങ്ങുന്നതായി ഫുട്ബോള്‍ ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു.

2034-ലെ ലോകകപ്പിന് പകരം 2026-ലെ വനിതാ ഏഷ്യന്‍ കപ്പിനും 2029-ലെ ക്ലബ്ബ് ലോകകപ്പിനുമുള്ള വേദിക്കായി ശ്രമം നടത്താനാണ് ഫുട്ബോള്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നതെന്ന് സിഇഒ ജെയിംസ് ജോണ്‍സണ്‍ പറഞ്ഞു. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഏഷ്യ, ഓഷ്യാനിയ മേഖലകളില്‍നിന്നാണ് ഫിഫ ഫുട്ബോള്‍ അസോസിയേഷനുകളെ ക്ഷണിച്ചത്. ഇതിനായി മുന്നോട്ടുവന്നത് ഓസ്ട്രേലിയയും സൗദിയും മാത്രമായിരുന്നു. ഇതോടെയാണ് ഓസ്ട്രേലിയയുടെ പിന്മാറ്റത്തോടെ സൗദിക്ക് നറുക്ക് വീണത്.

ഓസ്ട്രേലിയ പിന്‍വാങ്ങിയ സാഹചര്യത്തില്‍ സൗദിയെ പിന്തുണയ്ക്കാനാണ് എഎഫ്സി (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) അംഗങ്ങളുടെ തീരുമാനം. വേദി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത വര്‍ഷത്തെ ഫിഫ കോണ്‍ഗ്രസിലായിരിക്കും ഉണ്ടാകുക.

Back to top button
error: