ടെല്‍ അവീവ്: വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. ഗാസയിലെ ജബലിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജബലിയ അഭയാര്‍ത്ഥി ക്യാമ്പ് പൂര്‍ണമായും തകര്‍ന്നു. 150 ഓളം പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേര്‍ കൊല്ലപ്പെട്ടതായി മന്ത്രാലയം അറിയിച്ചു. അതേസമയം വെടിനിര്‍ത്തല്‍ ആവശ്യം തള്ളിയ ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.
ഗാസ നഗരത്തില്‍ വരെ എത്തിയ ഇസ്രായേലി യുദ്ധടാങ്കുകള്‍ ഹമാസിന്റെ ഭൂഗര്‍ഭ അറകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തി. നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ വധിച്ചതായി ഹമാസും അവകാശപ്പെട്ടു.