LIFEReligion

പിരിവുകളില്ലാതെ സ്വന്തം വരുമാനത്തിൽനിന്ന് മിച്ചം പിടിച്ച് ജയറാം കുടുംബ ക്ഷേത്രത്തിൽ നാഗയക്ഷി ശില്പം പണി കഴിപ്പിക്കുന്നു; കേരളത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് തല സർപ്പപ്രതിഷ്ഠ ചേർത്തലയിൽ ഒരുങ്ങുന്നു

ചേർത്തല: കേരളത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് തല സർപ്പപ്രതിഷ്ഠ ചേർത്തലയിൽ ഒരുങ്ങുന്നു. ചേർത്തല നഗരസഭ 23-ാം വാർഡിൽ കുന്നു ചിറയിൽ കെ സി ജയറാമാണ് തന്റെ കുടുംബ ക്ഷേത്രത്തിൽ നാഗയക്ഷി ശില്പം പണി കഴിപ്പിക്കുന്നത്. 12 അടി ഉയരവും 60 അടി നീളവുമുള്ള സർപ്പയക്ഷി ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന രീതിയിലാണ് നിർമാണം.

ശില്പനിർമാണം കാണുവാൻ നിരവധിപേരാണ് എത്തുന്നത്. ജയറാമിന്റ കുടുംബ വീടിന് സമീപമുള്ള കാവിലാണ് അഞ്ച് ഉപദേവതകളോടെ ക്ഷേത്രം നിർമിക്കുന്നത്. പ്രശസ്ത ശില്പി കിഴക്കേ നാല്പത് കണ്ണംമ്പള്ളി വെളിയിൽ ഷാജിയുടെ നേതൃത്വത്തിലാണ് ശില്പം പൂർത്തിയാവുന്നത്. മൂന്ന് മാസങ്ങൾക്ക് മുമ്പ് മൂന്ന് അടി പൊക്കമുള്ള നാഗയക്ഷി ശില്പം വേണമെന്നാവശ്യപ്പെട്ട് ജയറാം ഷാജിയെ സമീപിക്കുകയായിരുന്നു. എന്നാൽ പിന്നീട് 12 അടി ഉയരത്തിൽ ചെയ്യാമെന്ന നിലയിൽ എത്തി.

Signature-ad

സ്ത്രീ സങ്കല്പം കണക്കിലെടുത്താണ് മൂന്ന് തലയുള്ള സർപ്പം ഉടലെടുത്തത്. ആദ്യം ഇരുമ്പ് ചട്ടം നിർമിച്ച് അതിൽ ഇരുമ്പ് വല പാകിയതിന് ശേഷം പൂർണമായും സിമന്റിലാണ് ശില്പ നിർമാണം നടക്കുന്നത്. 600 സ്ക്വയർ ഫീറ്റിൽ നാഗയക്ഷിയെ കൂടാതെ നാഗരാജാവ്, നാഗ ഗന്ധർവ്വൻ, കണ്ഡകർണൻ, അറുകുല സ്വാമി എന്നീ ഉപദേവതകളോടെയാണ് ക്ഷേത്ര നിർമാണം.

പിരിവുകളില്ലാതെ ജയറാം തന്റെ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച പൈസ കൊണ്ടാണ് ശിൽപവും, ക്ഷേത്രവും നിർമിക്കുന്നത്. ചേർത്തല ദേവീക്ഷേത്രത്തിന്റെ കിഴക്കേ കവാടം ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ശിൽപങ്ങൾക്ക് ചാരുതയേകിയ ശില്പിയാണ് ഷാജി. നാഗയക്ഷിക്ക് സ്വർണനിറം ചാർത്തിയും, ഉപദേവതകളുടെ നിർമാണവും പൂർത്തീകരിച്ച് വരുന്ന ധനുമാസത്തിൽ പ്രതിഷ്ഠ നടത്തുമെന്ന് ജയറാം പറഞ്ഞു.

Back to top button
error: