CrimeNEWS

മട്ടനൂരിൽ അധ്യാപകൻ കാറിടിച്ചു മരിച്ച സംഭവം: പ്രതിയായ അനുജന് വേണ്ടി ജ്യേഷ്ഠൻ കുറ്റമേറ്റു, കാർ രൂപമാറ്റം വരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ കുടുങ്ങി; ആ സഹോദര സ്നേഹത്തി​ന്റെ പിന്നിലെ കഥ ഇങ്ങനെ…

കണ്ണൂർ: ഒരാളെ ഇടിച്ചിട്ട് കാർ നിർത്താതെ പോവുക. പൊലീസ് പിടിക്കുമെന്നായപ്പോൾ ആൾമാറാട്ടം നടത്തി കീഴടങ്ങുക. കാർ രൂപമാറ്റം വരുത്തി തെളിവ് നശിപ്പിക്കാൻ ശ്രമിക്കുക. കണ്ണൂർ മട്ടന്നൂരിൽ അധ്യാപകൻ കാറിടിച്ചു മരിച്ച സംഭവത്തിൽ ഇങ്ങനെ രക്ഷപ്പെടാൻ പല വിദ്യകൾ നോക്കിയ പ്രതികളെ വിദഗ്ധമായി പൊലീസ് പിടികൂടി.

സെപ്തംബർ 9 രാത്രി പത്ത് മണി. നടന്നുപോവുകയായിരുന്ന അധ്യാപകൻ പ്രസന്ന കുമാറിനെ മട്ടന്നൂർ ഇല്ലംഭാഗത്ത് ഒരു വാഹനം ഇടിച്ചിട്ടു. നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രസന്നകുമാർ രണ്ട് ദിവസം കഴിഞ്ഞ് മരിച്ചു. ഇടിച്ചിട്ട വണ്ടിയേതെന്നറയില്ല. മട്ടന്നൂർ പൊലീസ് അന്വേഷിച്ചു. സിസിടിവി ദൃശ്യങ്ങളിൽനിന്ന് ഒരു ചുവന്ന കാറെന്ന് തിരിച്ചറിഞ്ഞു. ഒടുവിൽ രണ്ടാം നാൾ ഒരാൾ സ്റ്റേഷനിലെത്തി കുറ്റമേറ്റു.

എന്നാൽ കീഴടങ്ങിയ ലിപിൻ തന്നെയാണോ ഓടിച്ചതെന്ന് പൊലീസിന് സംശയമുണ്ടായി. അന്വേഷണം തുടർന്ന പൊലീസ് യഥാർത്ഥ ഒടുവിൽ പ്രതിയെ കണ്ടെത്തി. ലിപിന്‍റെ സഹോദരൻ ലിജിൻ. ജ്യേഷ്ഠൻ കുറ്റമേറ്റതിന്‍റെ കാരണമെന്താണെന്നും ചോദ്യം ചെയ്യലിൽ ഇരുവരും വെളിപ്പെടുത്തി. അനുജന് ഗൾഫിലേക്ക് പോകാൻ വിസ ശരിയായി നൽക്കുന്ന സമയത്തായിരുന്നു സംഭവം. ആളെ മാറ്റി രക്ഷപ്പെടാൻ മാത്രമല്ല, തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. കൂത്തുപറമ്പിലെ വർക്ഷോപ്പിൽ അപകടമുണ്ടായതിന്‍റെ പിറ്റേന്ന് വണ്ടിയെത്തിച്ചു. പൊട്ടിയ മുൻഭാഗത്തെ ചില്ല് മാറ്റി. ചളുങ്ങിയ മുൻ ഭാഗത്തെ ബോണറ്റ് മാറ്റാൻ ശ്രമിച്ചു. പൊട്ടിയ ഗ്ലാസെടുത്ത് പുഴയിൽ കൊണ്ടുപോയി ഇട്ടു. തെളിവ് നശിപ്പിച്ചതിനടക്കം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദൃക്സാക്ഷി ഇല്ലാത്ത കേസായതിനാലാണ് രക്ഷപ്പെടാൻ വഴി നോക്കിയത്. അത് നടന്നില്ല. സഹോദരൻമാരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയാൽ തിരിഞ്ഞുനോക്കാതെ പായുന്നവരോട് മട്ടന്നൂർ പൊലീസ് ചിലത് കൂടി പറയുന്നുണ്ട്. അപകടമുണ്ടായ സമയം അവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന്റെ ജീവൻ പോലും രക്ഷിക്കാൻ കഴയുമായിരുന്നു എന്ന്.

Back to top button
error: