അഹമ്മദാബാദ്: തെരുവുകാലിശല്യം നിയന്ത്രിക്കാത്തതിന് വിശദീകരണംതേടി ഗുജറാത്ത് ഹൈക്കോടതി ഉന്നതഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് അറിയിച്ചു.
നഗരവികസനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അശ്വിനികുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ജി.എസ്. മാലിക്, മുനിസിപ്പല്‍ കമ്മിഷണര്‍ എം. തെന്നരശന്‍ എന്നിവരാണ് ജസ്റ്റിസുമാരായ എ.ജെ. ശാസ്ത്രിക്കും ഹേമന്ത് പ്രാച്ഛകിനും മുമ്പില്‍ ഹാജരായത്. രാജ്യത്തെ സുരക്ഷിതമായ സംസ്ഥാനമായിരുന്ന ഗുജറാത്ത് പോലീസിന്റെ കഴിവുകേടുമൂലം നിയമവാഴ്ചയില്ലാത്ത സ്ഥിതിയിലേക്ക് പോവുകയാണെന്ന് കോടതി വിമര്‍ശിച്ചു. ”നിങ്ങളുടെ തോളിലെ നക്ഷത്രങ്ങളുടെ എണ്ണം ഉത്തരവാദിത്വത്തിന്റെ അടയാളമാണ്. തെരുവുകാലികള്‍മൂലം മനുഷ്യര്‍ മരിക്കുന്ന വാര്‍ത്തകള്‍ ദിവസവും വരുകയാണ്. പോലീസ് സഹകരിക്കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. ഏതാനും ആളുകള്‍ ബൈക്കുകളില്‍ വടികളുമായി പോലീസ് ജീപ്പിനെ വളയുന്നതും പോലീസ് രക്ഷപ്പെടുന്നതും ഞങ്ങള്‍ നേരില്‍ക്കണ്ടതാണ്”.
ഗതാഗതത്തിനും മനുഷ്യജീവനും ഭീഷണിയായ കാലികളെ നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ കടലാസില്‍മാത്രമാണെന്ന് മുനിസിപ്പല്‍ കമ്മിഷണറോടും പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടും കോടതി പറഞ്ഞു. നേരത്തേയുള്ള കോടതി ഉത്തരവ് അധികൃതര്‍ പാലിച്ചില്ല.
ഗുജറാത്ത് സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി നേരിട്ട് പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. അതിനാല്‍ കോടതിയലക്ഷ്യക്കുറ്റം വ്യക്തമായെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.ഈയവസരത്തില്‍ അഡ്വക്കറ്റ് ജനറല്‍ കമല്‍ ത്രിവേദി ഇടപെട്ടു. വകുപ്പുകളുടെ ഏകോപനമില്ലായ്മ ഉണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. നഗരങ്ങളില്‍ ഓരോ വ്യക്തിയുടെയും ഉടമസ്ഥതയിലുള്ള കാലികളുടെ എണ്ണം എടുക്കുന്നുണ്ട്.
നഗരത്തിനുപുറത്ത് ഇവയെ പാര്‍പ്പിക്കാനുള്ള സാധ്യത തേടുന്നുണ്ട്- അദ്ദേഹം വ്യക്തമാക്കി. ദീപാവലിക്കുശേഷം ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചു. എന്നാല്‍ ഒരാഴ്ചയില്‍ക്കൂടുതല്‍ സമയം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. നവംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. അതിനകം സ്ഥിതി മെച്ചപ്പെടണമെന്നും നിര്‍ദേശിച്ചു.