ന്യൂയോര്‍ക്ക്: യുഎസിലെ മെയ്‌നിലെ ലുവിറ്റ്‌സനില്‍ 18 പേരെ വെടിവച്ചുകൊന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടക്കൊലപാതകം നടത്തിയ റോബര്‍ട്ട് കാര്‍ഡിനെ സ്വയം വെടിവച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇയാള്‍ക്കായി കഴിഞ്ഞ 48 മണിക്കൂറായി തിരച്ചില്‍ നടത്തുകയായിരുന്നു.
ബുധനാഴ്ചയാണ് മെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ലുവിറ്റ്‌സനില്‍ കൂട്ടക്കൊലപാതകം നടന്നത്. ബാറിലും വിനോദകേന്ദ്രത്തിലും വോള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. തോക്കുമായെത്തിയ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ 13 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അന്‍പതിലേറെ പേര്‍ക്കു പരുക്കേറ്റു.
കുട്ടികള്‍ ഉള്‍പ്പെടെ എത്തുന്ന ബോളിങ് സെന്ററിലും ആറര കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റസ്റ്ററന്റിലുമാണു ബുധനാഴ്ച വൈകുന്നേരം വെടിവയ്പുണ്ടായത്. മരണസംഖ്യ നോക്കിയാല്‍ യുഎസില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വെടിവയ്പാണിത്. സൈന്യത്തിലും ജോലി ചെയ്തിട്ടുള്ളയാളാണ് റോബര്‍ട്ട് കാര്‍ഡ് (40). തോക്കുമായി ഒളിവിലുള്ള ഇയാളെ കണ്ടെത്താന്‍ നഗരവും സമീപ പട്ടണങ്ങളും അരിച്ചുപെറുക്കിയിരുന്നു.
ലുവിറ്റ്‌സണിലും സമീപ പട്ടണങ്ങളായ ലിസ്ബന്‍, ബോവ്‌ഡോയ്ന്‍, ഓബേണ്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. അക്രമി വീണ്ടും വന്നേക്കാമെന്ന ആശങ്കയില്‍ സ്‌കൂളുകള്‍ക്കും ഓഫിസുകള്‍ക്കും ഉള്‍പ്പെടെ അവധി നല്‍കി. ഇതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.