ജറുസലേം: ഗാസയ്ക്ക് പുറമെ വെസ്റ്റ്ബാങ്കിലും കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍. വെസ്റ്റ്ബാങ്കിലെ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് കുഞ്ഞുങ്ങളടക്കം 13 പേര് കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭ ദുരിതാശ്വാസ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തിനിടെ ഒരു ഇസ്രയേല്‍ സൈനികന് കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായും യുഎന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേല്‍ അധിനിവേശത്തിലുള്ള വെസ്റ്റ്ബാങ്കില്‍ 30 ലക്ഷത്തോളം പലസ്തീനികള്‍ താമസിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ ജെനിന് അഭയാര്‍ഥി ക്യാമ്പിന് നേരെയാണ് വ്യോമാക്രമണമുണ്ടായത്. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്നാരോപിച്ച് ഒരു പള്ളിക്ക് നേരെയും ആക്രമുണ്ടായി. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങി കിടക്കുന്നതായും ആശങ്കയുണ്ട്. വെസ്റ്റ്ബാങ്കിലെ പ്രസിദ്ധമായ പള്ളിയായിരുന്നു ഇത്.
ഇതിനിടെ ഗാസയില്‍ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാസ മുനമ്പിലേക്ക് ഉടന്‍ കയറുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചിട്ടുണ്ട്. കരയാക്രമണത്തിലേക്ക് പ്രവേശിക്കുന്ന സൈനികര്‍ക്ക് സഹായമൊരുക്കാന്‍ ഇന്ന് മുതല്‍ വ്യോമാക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രയേല്‍ തീരുമാനം.
”ഞങ്ങള്‍ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കും, യുദ്ധത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഞങ്ങളുടെ സൈനികരുടെ അപകടസാധ്യത കുറയ്ക്കും, ഇന്ന് മുതല്‍ ഞങ്ങള്‍ ആക്രമണം ശക്തമാക്കും” -ടെല്‍ അവീവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു.
ഗാസ സിറ്റിയിലും മറ്റുമുള്ളവരോട് തെക്കന്‍ ഗാസയിലേക്ക് പാലായനം ചെയ്യാനാണ് ഇസ്രയേല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇല്ലെങ്കിലും ഹമാസിന്റെ പങ്കാളികളായി കണക്കാക്കുമെന്നും ആക്രമണം നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്.
ഏകദേശം 11 ലക്ഷത്തോളം ജനസംഖ്യയുള്ള വടക്കന്‍ ഗാസയിലെ മുഴുവന്‍ ജനങ്ങളെയും ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും ഇസ്രയേല്‍ നീക്കം വലിയ മാനുഷിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്കി.