മുണ്ടക്കയം: 35ാം മൈല്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മോഷണം. വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം.ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കടയിലും മോഷണം നടന്നു.
രാവിലെ കട തുറക്കുവാനെത്തിയ വ്യാപാരിയാണ് മോഷണ വിവരം അറിയുന്നത്. ഇദ്ദേഹത്തിന്‍റെ കടയുടെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് കടയില്‍ സൂക്ഷിച്ചിരുന്ന 5000 ത്തോളം രൂപയും അപഹരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലും മോഷണം നടന്ന വിവരം അറിയുന്നത്.
ക്ഷേത്രത്തിനുള്ളിലും സമീപത്തുമായി സ്ഥാപിച്ചിരുന്ന മൂന്ന് കാണിക്ക വഞ്ചികള്‍ ഇവിടെ നിന്നു കടത്തി സമീപത്തെ എസ്റ്റേറ്റ് റോഡില്‍ കൊണ്ടുപോയി തകര്‍ത്താണ് ഇതിലെ പണം മോഷ്ടിച്ചത്.
ക്ഷേത്ര പരിസരത്തു നിന്നു ലഭിച്ച പിക്കാസ് ഉപയോഗിച്ചാണ് കാണിക്ക വഞ്ചികള്‍ പൊളിച്ചത്. ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം വിശേഷ പൂജകള്‍ ഉള്‍പ്പെടെ നടന്നതിനാല്‍ തകര്‍ത്ത ഭണ്ഡാരത്തില്‍ നല്ലൊരു തുക കാണുമെന്നാണ് അനുമാനം.
വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധ നടത്തി. പെരുവന്താനം സിഐ എ. അജിത്തിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.