തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ കുഴല്‍പണം അമരവിള എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതര്‍ പിടിച്ചെടുത്തു. യാതൊരു രേഖകളും ഇല്ലാതെ വോള്‍വോ ബസില്‍ കടത്തിക്കൊണ്ട് വന്ന 50,46,500 രൂപയും, മൂന്ന് ലക്ഷത്തോളം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമാണ് പിടിച്ചെടുത്തത്. പണം കൈവശം വച്ചിരുന്ന ആറ്റിങ്ങല്‍ വെള്ളല്ലൂര്‍ കരിമ്പാലോട് മേലേതില്‍ പുത്തന്‍വീട്ടില്‍ നിഹാസിനെ (36) അമരവിള എക്‌സൈസ് ചെക്പോസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 7ന് നടന്ന വാഹന പരിശോധനക്കിടെയാണ് കുഴല്‍പ്പണം പിടിച്ചത്. കുഴല്‍പ്പണവുമായി വോള്‍വോ ബസില്‍ ഒരാള്‍ എത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയെ പിന്നീട് നെയ്യാറ്റിന്‍കര പൊലീസിന് കൈമാറി.ആദായ നികുതി വകുപ്പും ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പിടിച്ചെടുത്ത കുഴല്‍പ്പണത്തില്‍ വിദേശ കറന്‍സി കൂടി ഉള്‍പ്പെട്ടതിനാല്‍ ആദായ നികുതി വകുപ്പ് കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറുന്നതിനും സാദ്ധ്യതയുണ്ട്.
അതേസമയം, പെരുമ്പാവൂരില്‍ കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര്‍ പിടിയിലായി. ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും പെരുമ്പാവൂര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.
കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയില്‍ നിന്ന് സാഹസികമായി പിന്തുടര്‍ന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.