ബംഗളൂരു: സാമ്പാറില്‍ എരിവ് കൂടിയെന്ന് പറഞ്ഞ് ശകാരിച്ച പിതാവിനെ മകന്‍ തല്ലിക്കൊന്നു. കുടകിലെ വിരാജ്‌പേട്ടില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. നംഗല സ്വദേശിയായ താമസിക്കുന്ന സി.കെ ചിട്ടിയപ്പയെയാണ് (63) മകന്‍ കൊലപ്പെടുത്തിയത്. മകന്‍ ഉണ്ടാക്കിയ സാമ്പാറിന് എരിവ് കൂടിയെന്ന് പറഞ്ഞ് ചിട്ടിയപ്പ വഴക്കുപറഞ്ഞു. പിന്നാലെ പ്രതി ചിട്ടിയപ്പയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മകനായ ദര്‍ശന്‍ തമ്മയ്യയെ (38) പൊലീസ് അറസ്റ്റ് ചെയ്തു.
ചിട്ടിയപ്പയുടെ ഭാര്യ നേരത്തെ മരിച്ചതിനാല്‍ മക്കള്‍ക്കൊപ്പമായിരുന്നു താമസം. മൂത്തമകന്റെ ഭാര്യയാണ് വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാല്‍, മൂത്തമകനും മരുമകളും ബന്ധുവീട്ടിലേയ്ക്ക് സന്ദര്‍ശനത്തിനായി പോയിരുന്നു. തുടര്‍ന്ന് ചിട്ടിയപ്പന്റെ ഇളയ മകനാണ് ഭക്ഷണം ഉണ്ടാക്കിയത്. ചോറിനൊപ്പം കഴിക്കാന്‍ ഉണ്ടാക്കിയ സാമ്പാറില്‍ എരിവ് കൂടുതലായിരുന്നു. കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദര്‍ശനെ പിതാവ് അധിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതോടെ പ്രകോപിതനായ ദര്‍ശന്‍ പിതാവിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ ചിട്ടിയപ്പയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പിന്നാലെ വിവരമറിഞ്ഞെത്തിയ വിരാജ്‌പേട്ട റൂറല്‍ പൊലീസ് കേസെടുത്ത് മകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.