തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാ ലോജിക് കൈപ്പറ്റിയ 1.72 കോടി രൂപക്ക് ഐജിഎസ്ടി അടച്ചെന്ന് ധനവകുപ്പ്. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണത്തിന് ഐജിഎസ്ടി അടച്ചെന്നാണ് അധികൃതര്‍ പറയുന്നത്. ജിഎസ്ടി കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ധനവകുപ്പിന്റെ വിശദീകരണം. കര്‍ണാടക ജിഎസ്ടി വകുപ്പുമായി ബന്ധപ്പെട്ട ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എക്സാലോജിക് രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയിലായതിനാല്‍ അവിടെയാണ് പണം അടച്ചത്. എത്ര തുകയാണ് അടച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ടെങ്കിലും ധനകാര്യവകുപ്പ് പുറത്ത്വിട്ടിട്ടില്ല. വ്യക്തിഗത വിവരമായതിനാലാണ് അവ പുറത്തുവിടാത്തത്. നേരത്തെ മാത്യു കുഴല്‍നാടന്‍ ധനമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐജിഎസ്ടി അടച്ചിട്ടുണ്ടോയെന്ന കാര്യം അന്വേഷിച്ചത്.
എക്‌സാ ലോജിക് സി.എം.ആര്‍.എല്ലുമായി നടത്തിയ ഇടപാടിന്റെ ഐ.ജി.എസ്.ടി അടച്ചതിന്റെ അടച്ചതിന്റെ രേഖ നല്‍കാനാവില്ലെന്ന് ജി.എസ്.ടി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കേരള സ്വതന്ത്ര തൊഴിലാളി യൂണിയന്‍ നേതാവായ സെബാസ്റ്റ്യന്‍ പാലത്തറയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോളാണ് ഈ മറുപടി നല്‍കിയത്.
സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്നാണ് ജി.എസ്.ടി വകുപ്പിന്റെ മറുപടി. ഒരു നികുതിദായകന്‍ സര്‍ക്കാരിന് നല്‍കുന്ന നികുതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. ഇത് വിശാലമായ പൊതുതാല്‍പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മറുപടിയില്‍ പറഞ്ഞു.