ഗാസ സിറ്റി: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസിന്‍റെ വനിതാ ലീഡർ ജമീല അല്‍ ഷാന്‍റി കൊല്ലപ്പെട്ടതായി വിവരം. പലസ്തീൻ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹമാസിന്‍റെ സഹസ്ഥാപകൻ അബ്‌ദല്‍ ആസീസ് അല്‍ റാന്‍റിസിയുടെ ഭാര്യയായിരുന്നു ഇവര്‍. 2021ലാണ് ഇവർ സംഘടനയുടെ തലപ്പത്തേക്ക് വരുന്നത്.
അതേസമയം ഗാസയിലെ ഹമാസ് ആസ്ഥാനങ്ങളില്‍ വ്യോമാക്രമണം തുടരുന്നതായി ഇസ്രേലി സേന അറിയിച്ചു. തീവ്രവാദികളുടെ നൂറുകണക്കിന് ആസ്ഥാനങ്ങള്‍ ഇതിനകം തകര്‍ത്തു എന്നും ഇസ്രായേൽ സേന അറിയിച്ചു.
ടാങ്ക് വേധ മിസൈല്‍ വിക്ഷേപിണികള്‍, തുരങ്കങ്ങള്‍, ഇന്‍റലിജൻസ് കേന്ദ്രങ്ങള്‍, ഓപ്പറേഷൻ ആസ്ഥാനങ്ങള്‍ മുതലായവ തകര്‍ത്തവയിൽ ഉൾപ്പെടും.
ഗാസയിലെ മൂന്നാമത്തെ സായുധ സംഘമായ പോപ്പുലര്‍ റെസിസ്റ്റൻസ് കമ്മിറ്റിയുടെ തലവൻ റഫാത്ത് അബു ഹിലാലിനെ വധിച്ചതായും ഇസ്രേലി സേന അവകാശപ്പെട്ടു. ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെക്കൻ ഗാസയിലെ റാഫയില്‍ നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.