കാക്കനാട് എൻജിഒ ക്വാര്‍ട്ടേഴ്‌സ് ഭാഗത്ത് 17.43 ഏക്കര്‍ സ്ഥലത്താണ് ബ്ലിസ് സിറ്റി പദ്ധതി നടപ്പിലാക്കുന്നത്. 25 വര്‍ഷത്തേക്ക് ഭൂമി മൊത്തമായോ ഭാഗികമായോ പാട്ടത്തിന് നല്‍കാനുള്ള ടെൻഡര്‍ കെഎംആര്‍എല്‍ ക്ഷണിച്ചു കഴിഞ്ഞു. ബ്ലിസ് സിറ്റി പദ്ധതിയില്‍ നിന്ന് പ്രതിമാസം 1.70 കോടി രൂപ പ്രതിമാസം വാടകയിനത്തില്‍ ലഭിക്കുമെന്നാണ് കെഎംആര്‍എല്‍ പ്രതീക്ഷ. പദ്ധതിക്കായി 14 ഏക്കര്‍ കൂടി ഏറ്റെടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
മെഡിക്കല്‍ സിറ്റി, എന്‍റര്‍ടെയ്ൻമെന്‍റ് ഹബ്ബ്, റിക്രിയേഷണല്‍ ഹബ്ബ് എന്നിവയുള്‍പ്പെടെയാണ് ബ്ലിസ് സിറ്റിയില്‍ ആദ്യം ആസൂത്രണം ചെയ്തിരുന്നത്. ഇതിന്‍റെ ഭാഗമായി കെഎംആര്‍എല്‍ നിക്ഷേപകരില്‍നിന്ന് ആദ്യം താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇരുപതോളം പേര്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ദിഷ്ട മാതൃകയിലുള്ള പദ്ധതി നടപ്പാക്കുന്നതിലായിരുന്നില്ല താത്പര്യപത്രം ക്ഷണിച്ചവരുടെ ആഗ്രഹം. ഒട്ടേറെ കമ്ബനികള്‍ അന്വേഷണവുമായി എത്തിയിരുന്നെങ്കിലും താത്പര്യം പ്രകടിപ്പിച്ചവര്‍ വളരെ കുറവായിരുന്നു. തുടര്‍ന്നാണ് 3.69 ഏക്കര്‍, 3.41 ഏക്കര്‍, 3.4 ഏക്കര്‍, 1.62 ഏക്കര്‍, 5.65 ഏക്കര്‍ എന്നിങ്ങനെ പ്ലോട്ടുകളാക്കി താത്പര്യപത്രം ക്ഷണിച്ചത്.