ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ മഴ രാവിലെ വരെ നിര്‍ത്താതെ പെയ്തതോടെ തലസ്ഥാനത്തിന്‍റെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങി.
രാത്രി മഴകനത്തോടെ നദികളും തോടുകളുമടക്കം കരകവിഞ്ഞൊഴുകി. നദീതീരങ്ങളില്‍ വസിക്കുന്നവര്‍ വീടുവിട്ടിറങ്ങി ക്യാംപുകളില്‍ അഭയം പ്രാപിച്ചു. ടെക്നോപാര്‍ക്ക് അടക്കം വെള്ളത്തിലായി. നഗരത്തിലെ പ്രധാന സ്വകാര്യ ആശുപത്രിയായ കോസ്മോ പൊളിറ്റനിലേക്കും വെള്ളം ഇരച്ചെത്തി. സബ്സ്റ്റേഷനുകളിലടക്കം വെള്ളമെത്തിയതോടെ വൈദ്യുതി ബന്ധവും നിലച്ചു. ഉച്ചയ്ക്ക് ശേഷം മഴ നിലച്ചതോടെയാണ് വൈദ്യുതി ഭാഗികമായി പുന:സ്ഥാപിക്കാനായത്.
ഓടകള്‍ വൃത്തിയാക്കാത്തതും പൊഴി മുറിക്കാത്തതും വെള്ളപ്പൊക്കത്തിന് കാരണമായതായാണ് പ്രദേശവാസികളുടെ പരാതി. കൊല്ലം ജില്ലയുടെ കിഴക്കൻമേഖലയും വെള്ളക്കെട്ടിലായി. വ്യാപക കൃഷിനാശമാണ് ഇവിടങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തത്. ആലപ്പുഴയില്‍ 131.2 സെ.മീ, എറണാകുളത്ത് 104 മി.മീ, പാലക്കാട് 123.8 മി.മീ എന്ന നിലയിലും മഴ ലഭിച്ചു.
അടുത്ത മൂന്ന് ദിവസവും കനത്ത മഴ തുടരുമെന്നാണ് പ്രവചനം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.