KeralaNEWS

സമസ്തയുമായുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് മധ്യസ്ഥത; ലീഗിന് അതൃപ്തി

കോഴിക്കോട്: ലീഗ്-സമസ്ത തര്‍ക്കത്തില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ തേടിയതില്‍ ലീഗിന് അതൃപ്തി. തര്‍ക്കത്തില്‍ മറ്റൊരു മധ്യസ്ഥന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ലീഗ് നിലപാട്. കോണ്‍ഗ്രസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗമാണെന്നുള്ള വാദവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലാണ് പി.എം.എ സലാമിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുണ്ടാകുന്നത്. ആദ്യഘട്ടത്തില്‍ പോഷക സംഘടന നേതാക്കള്‍ ഒരു കത്തയച്ചെന്ന കാര്യം വന്നെങ്കിലും ഇത്തരം ഒരു കത്ത് കിട്ടിയിട്ടില്ലെന്നാണ് സാദിഖലി തങ്ങള്‍ പ്രതികരിച്ചത്.

സമസ്തയും ലീഗും തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ സാധാരണ ഗതിയില്‍ പാണക്കാടെത്തി നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തുകയാണ് പതിവ്. ഇതില്‍ നിന്നും വ്യത്യസ്തമായി മാധ്യമങ്ങള്‍ക്ക് കൂടി പരസ്യപ്പെടുത്തി പോഷക സംഘടനാ നേതാക്കള്‍ ഇടപ്പെട്ടതിലും നേരിട്ട് സാദിഖലി തങ്ങള്‍ക്ക് നല്‍കാതെ പാര്‍ട്ടി നേതാവെന്ന നിലയില്‍ കുഞ്ഞാലി കുട്ടിക്ക് കത്ത് നല്‍കിയതെല്ലാം പ്രശ്നമുണ്ടായിരുന്നു.

Signature-ad

തുടര്‍ന്ന് സമസ്ത മുശാവറ കൂടുകയും സാദിഖലി തങ്ങളെ നേരിട്ട് കണ്ട് പി.എം.എ സലാമിനെതിരെയുള്ള പരാതി നല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ പിന്നീട് വി.ഡി സതീശനെ ഈ വിഷയത്തില്‍ ഇടപെടുവിക്കാനുള്ള ശ്രമം നടന്നു. ഈ പ്രശ്നം യു.ഡി.എഫിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പ്രശ്നത്തില്‍ ഇടപെടണമെന്നും സമസ്ത നേതാക്കള്‍ വി.ഡി സതീശനെ അറിയിക്കുകയായിരുന്നു. ഇതാണ് ലീഗിന് കടുത്ത അത്യപ്തിയുണ്ടാക്കിയത്. തര്‍ക്കത്തില്‍ മറ്റൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നാണ് ലീഗിന്റെ വാദം.

സാധാരണ ഗതിയില്‍ മുശാവറ തീരുമാനിച്ചത് പോലെ സാദിഖലി തങ്ങളെ വന്ന് കാണാനും ഇക്കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യതയുണ്ടായിരിക്കെ മൂന്നാമതൊരു കക്ഷിയെ ഇതിലേക്ക് ഇടപെടുവിച്ചതിലുള്ള അതൃപ്തിയാണ് ലീഗ് നേതാക്കളില്‍ പലരും പങ്കുവെക്കുന്നത്. പാണക്കാട് തങ്ങള്‍മാരുടെ പ്രാധാന്യത്തെ കുറക്കാനുള്ള ഒരു നീക്കം ഇതിന്റെ ഭാഗമായി നടക്കുന്നുണ്ടോയെന്ന സംശയവും ഇവര്‍ ഉന്നയിക്കുന്നുണ്ട്. പ്രശ്ന പരിഹരിക്കപ്പെടാതെ വിഷയം വികസിപ്പിക്കാന്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിക്കുന്നുണ്ടോ എന്ന സംശയവും ലീഗ് നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. വൈകാതെ തന്നെ സമസ്ത നേതാക്കള്‍ സാദിഖലി തങ്ങളുമായി കൂടികാഴ്ച നടത്തും.

 

Back to top button
error: