തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ വ്യാജ നിയമന കോഴ ആരോപണം ഉന്നയിച്ച സംഭവത്തിൽ പരാതിക്കാരനായ ഹരിദാസനെയും പ്രതി ചേർത്തേക്കും. ഗൂഢാലോചനയിൽ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേർക്കാൻ ആലോചിക്കുന്നത്. ഹരിദാസൻ കോടതിയിൽ മൊഴി നൽകിയ ശേഷമായിരിക്കും തുടർ നടപടി സ്വീകരിക്കുക. ഹരിദാസനെ സാക്ഷിയാക്കാനായിരുന്നു ആദ്യത്തെ ആലോചന. എന്നാൽ ഒപ്പം തുടക്കം മുതലുണ്ടായിരുന്ന ബാസിത്തിനെതിരെ ഹരിദാസൻ നൽകിയ മൊഴി പരിശോധിച്ചാണ് പ്രതി ചേർക്കാനുള്ള തീരുമാനത്തിലേക്ക് പൊലീസ് എത്തുന്നത്.
ബാസിത് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചുവെന്നാണ് ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പൊലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ബാസിത്തിനെ തിരുവനന്തപുരത്ത് എത്തിക്കും. ഹരിദാസന് ഒപ്പമിരുത്തി ചോദ്യം ചെയ്യും.
ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന്റെ പിഎ അഖിൽ മാത്യുവിന്റെ പേര് പറഞ്ഞാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞുവെന്നാണ് ഹരിദാസൻ മൊഴി നൽകിയത്. മരുമകൾക്കായി അപേക്ഷ നൽകിയപ്പോൾ തന്നെ ബാസിത്തിനോട് പറഞ്ഞിരുന്നു. ഒരു ലക്ഷം രൂപ ബാസിത്തിന് നൽകി. സെക്രട്ടേറിയേറ്റിൽ വച്ച് താൻ ആർക്കും പണം നൽകിയിരുന്നില്ല. മന്ത്രിയുടെ പിഎക്കെതിരെ ആരോപണം ഉന്നയിച്ചാൽ അന്വേഷണമുണ്ടാകില്ലെന്ന് ബാസിത്ത് പറഞ്ഞു. മന്ത്രിയുടെ ഓഫീസിൽ നൽകാൻ തയ്യാറാക്കിയ പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയത് ബാസിതിന്റെ സമ്മർദ്ദത്തെ തുടർന്നാണ്. മന്ത്രിയുടെ ഓഫീസിൽ ലിസ്റ്റുണ്ടെന്ന് പറഞ്ഞാണ് തന്നെ ബാസിത്ത് സെക്രട്ടേറിയേറ്റിലേക്ക് കൊണ്ടുവന്നത്. പിന്നീട് മന്ത്രി ഓഫീസിൽ പ്രവേശനം ഇല്ലെന്ന് പറഞ്ഞ് മടക്കി കൊണ്ടുപോയി. തനിക്കെതിരായ ഭൂമി കേസിൽ സഹായിക്കാമെന്ന് പറഞ്ഞാണ് ബാസിത് സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും ഹരിദാസൻ പൊലീസിനോട് പറഞ്ഞിരുന്നു.