KeralaNEWS

വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നഷ്ടം; പൊട്ടിത്തെറിച്ചത് വാങ്ങിയ ശേഷം രണ്ടാം തവണ ചാർജ്ജ് ചെയ്യാനിട്ട സാംസങ് ഫോൺ

പാലക്കാട്: പൊൽപ്പുള്ളിയിൽ വീടിനകത്ത് ചാർജ് ചെയ്തു കൊണ്ടിരിക്കെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീടിനകത്തെ ഫർണിച്ചറുകളും ഇലക്ട്രോണിക് സാമഗ്രികളും ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീപിടിച്ച് കത്തി നശിച്ചു. പൊൽപ്പുള്ളി സ്വദേശി ഷിജുവിന്റെ സ്മാർട്ട്ഫോണാണ് പൊട്ടിത്തെറിച്ചത്‌. താനുപയോഗിച്ചിരുന്ന സാംസങ് ഗ്യാലക്സി എ03 കോർ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് ഷിജു പറഞ്ഞു. എന്നാൽ അപകട കാരണം വ്യക്തമായിട്ടില്ല.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷിജുവിന്റെ വീട്ടിൽ വച്ച് അപകടം ഉണ്ടായത്. തന്റെ സുഹൃത്ത് മോഹനനാണ് ഫോൺ വാങ്ങിയതെന്നാണ് ഷിജു പറഞ്ഞത്. ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും ഷിജു പറഞ്ഞു. വാങ്ങിയ ശേഷം രണ്ടാം തവണ ചാർജ്ജ് ചെയ്യാനിട്ടപ്പോഴാണ് അപകടം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

ചാർജ് ചെയ്യാനിട്ട ശേഷം ഫോൺ പൊട്ടിത്തെറിച്ച് കിടക്കയിലേക്കാണ് വീണത്. കിടക്കയ്ക്ക് തീപിടിച്ചു. പിന്നാലെ തീ ആളിപ്പടർന്നു. വീട്ടിലുണ്ടായിരുന്ന കിടക്കയും ടിവിയും ഹോം തിയേറ്റർ സിസ്റ്റവും അലമാരയും അടക്കം കത്തിനശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിരിക്കുന്നത്. അപകടവുമായി ബന്ധപ്പെട്ട് ചിറ്റൂർ പൊലീസിൽ പരാതി നൽകിയതായി ഷിജു അറിയിച്ചു.

Back to top button
error: