ന്യൂഡെല്‍ഹി: ഇന്‍ഡ്യയെയും ഹിന്ദുമതത്തെയും വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ മുമ്പ് പോസ്റ്റു ചെയ്തുവെന്ന കാരണത്താല്‍ ലോകകപ്പ് റിപ്പോര്ട്ട്‍ ചെയ്യാനെത്തിയ പാക് സ്‌പോര്‍ട്‌സ് അവതാരക സൈനബ് അബ്ബാസിനെ തിരിച്ചയച്ചതായി പാകിസ്താന്‍ ന്യൂസ് ചാനല്‍ സമാ ടിവി.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായാണ് സമൂഹ മാധ്യമമായ എക്‌സിലൂടെ ചാനല്‍ വെളിപ്പെടുത്തിയത്. എന്നാല്‍, സമാ ടിവി ആദ്യമിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും സുരക്ഷാ കാരണങ്ങളാല്‍ സൈനബ് ഇന്‍ഡ്യ വിട്ടെന്ന പുതിയ പോസ്റ്റിടുകയും ചെയ്തു.
35കാരിയായ സൈനബിന്റെ ഏതാനും ഹിന്ദു വിരുദ്ധ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ കുത്തിപ്പൊക്കിയതോടെയാണ് അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ ആഭ്യന്തര മന്ത്രിക്കും ബിസിസിഐക്കും ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
‘അതിഥി ദേവോ ഭവ’ എന്നത് നമ്മുടെ രാജ്യത്തെയും ഹിന്ദു ധര്‍മത്തെയും ബഹുമാനിക്കുന്നവര്‍ക്ക് മാത്രമാണെന്നും ഭാരത വിരുദ്ധരെ നമ്മുടെ നാട്ടില്‍ സ്വാഗതം ചെയ്യുന്നില്ലെന്നും അദ്ദേഹം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭാരതത്തിനും ഹിന്ദു ധര്‍മത്തിനുമെതിരായ അവഹേളനപരവും പ്രകോപനപരവുമായ പോസ്റ്റുകളിട്ട ഐസിസി ലോകകപ്പിലെ അവതാരകയെ നീക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഇന്‍ഡ്യയിലേക്ക് പറക്കുന്നതിനിടെ സൈനബ് അബ്ബാസ് തന്റെ യാത്രയില്‍ ആവേശം പ്രകടിപ്പിച്ചും ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള സമാനതകള്‍ പങ്കുവെച്ചും എക്‌സില്‍ പോസ്റ്റിട്ടിരുന്നു.