കാസര്‍കോട്: ട്രേഡിങ് സ്ഥാപനത്തിന്റെ മറവില്‍ 1.24 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ചായ കുടിച്ചതിന് മില്‍മ ബൂത്തില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തി എന്ന കാരണത്താല്‍ കടയുടമയുടെ അക്കൗണ്ട് മരവിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം മില്‍മ ബൂത് നടത്തുന്ന എ.എ അഹ്‌മദ് അലിയുടെ കാനറാ ബാങ്കിലെ അക്കാണ്ടാണ് പൊലീസ് നിര്‍ദേശ പ്രകാരം മരവിപ്പിച്ചത്.
കോട്ടയം ജില്ലയിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുട്ടമ്പലത്തെ ലിനോയ് പി ജോര്‍ജിന്റെ പരാതിയില്‍ ക്രൈം നമ്പര്‍ 1789 പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയുടെ അക്കൗണ്ടിലൂടെ ഇടപാട് നടത്തിയ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. സൈബർ സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഈ തീരുമാനം. ഇതിന് മുമ്പും ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതിയായിട്ടുള്ളവര്‍ നടത്തുന്ന ഇടപാടുകളുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിക്കുമ്പോള്‍ നിരപരാധികളായ പലരും കുടുങ്ങുന്നു.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ട്രേഡിങ് സ്ഥാപനത്തിലെ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാള്‍ സ്ഥിരമായി ചായ കുടിച്ച് കൊണ്ടിരുന്നത് അഹ്‌മദ് അലിയുടെ മില്‍മ ബൂത്തില്‍ നിന്നായിരുന്നു.
മിക്കവാറും ചായയ്ക്കുള്ള പണം നല്‍കിയിരുന്നത് യുപിഐ ഇടപാട് വഴിയാണ്. ഇതിന്റെ പേരിലാണ് അന്നന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഉപജീവനം കഴിക്കുന്ന അഹ്‌മദ് അലിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നത്. പാല്‍ കൊണ്ടുവരുന്ന ഏജന്റിന് പണം നല്‍കാന്‍ ശ്രമിക്കുമ്പോഴാണ് അക്കൗണ്ട് മരവിപ്പിച്ച വിവരം അറിയുന്നതെന്ന് അഹ്‌മദ് അലി പറയുന്നു.
തുടര്‍ന്ന് സൈബര്‍ പൊലീസിലും ബാങ്കിലും എത്തിയപ്പോള്‍ അവര്‍ ഈ അക്കൗണ്ട് മരവിപ്പിച്ചിട്ടുള്ളതായും കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത കേസിലാണ് നടപടിയെന്നും അറിയിച്ചു. ഒരു അഭിഭാഷകൻ വഴി കോട്ടയത്ത് അന്വേഷണം നടത്താനാണ് അധികൃതര്‍ പറയുന്നത്. നിരപരാധിയായ താൻ കുടുംബത്തിന്റെ ഏക ആശ്രയമായ കടയടച്ച് കോട്ടയത്തേക്ക് പോകേണ്ട സ്ഥിതിയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും അഹ്‌മദ് അലി കണ്ണീരോടെ പറഞ്ഞു.
ആകെ അക്കൗണ്ടിലുള്ളത് 10000 ത്തോളം രൂപയാണ്. ഈ പണം കിട്ടാത്തത് കൊണ്ട് ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും അഹ്‌മദ് അലി കൂട്ടിച്ചേര്‍ത്തു. കേസ് നടപടിയുടെ ഭാഗമായാണ് പ്രതിയായവരുടെ അക്കൗണ്ടില്‍ നിന്നും സാമ്പത്തിക ഇടപാട് നടത്തിയവരുടെ അക്കൗണ്ട് മരവിപ്പിച്ചതെന്നും മില്‍മ ബൂത് ഉടമയ്ക്ക് ബന്ധമൊന്നും ഇല്ലെങ്കില്‍ അന്വേഷണം നടത്തി മരവിപ്പിച്ചത് ഒഴിവാക്കുമെന്നും കോട്ടയം ഈസ്റ്റ് പൊലീസ് അറിയിച്ചു.