KeralaNEWS

ഡോ. കെ.എം വെങ്കിടഗിരി അഴിമതിയുടെ അവതാരം, അഹങ്കാരിയും വഴക്കാളിയും രോഗികളോട് ക്രൂരമായി പെരുമാറുകയും ചെയ്യുന്ന ഇയാളെ സര്‍വീസില്‍ നിന്ന് തന്നെ  പിരിച്ചുവിടണമെന്ന ആവശ്യം വ്യാപകമാകുന്നു

   കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടർ കെ.എം വെങ്കിടഗിരിക്കെതിരെ അഴിമതിയുടെയും കൈക്കൂലിയുടെയും എണ്ണമറ്റ കഥകളാണ് ഓരോ രോഗിക്കും പറയാനുള്ളത്.

വാഹനാപകടത്തില്‍ പരുക്കേറ്റ് 2021 ഓഗസ്റ്റ് 11ന് ആശുപത്രിയിലത്തിയ മുഹമ്മദ് ശസിബ് എന്ന രോഗിയെ ശസ്ത്രക്രിയയ്ക്ക് വേണ്ടി തീയേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും കൈക്കൂലി കൊടുത്തില്ലെന്നതിന്റെ പേരില്‍ അനസ്തേഷ്യ നല്‍കാന്‍ തയ്യാറായില്ല  ഡോ. കെ എം വെങ്കിടഗിരി. അനസ്തേഷ്യ വിഭാഗത്തിലെ ഈ ഡോക്ടർക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടും ഇതുവരെയും നടപടിയുണ്ടായില്ലെന്ന് മാതാവ് ഫാത്തിമത് സാജിദയും സഹോദരന്‍ ഫൈസല്‍ പള്ളിക്കാലും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Signature-ad

പരാതിയില്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്റെ അന്വേഷണത്തില്‍ ഡോ. വെങ്കിഗിരി കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ഇത് അദ്ദേഹത്തിന്റെ ശീലമാണെന്നും അഹങ്കാരിയും നിഷേധിയും വഴക്കാളിയും രോഗികളോട് ക്രൂരമായി പെരുമാറുന്ന ഡോക്ടറുമാണ് വെങ്കിടഗിരിയെന്ന് ഡിഎംഒക്ക് തുടര്‍നടപടിക്കായി റിപ്പോർട്ട് ചെയ്തിരുന്നു. അടിയന്തിരമായി അദ്ദേഹത്തെ സ്ഥലം മാറ്റണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിലും നടപടിയുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയും നടപടി ആവശ്യപ്പെട്ടും മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ മന്ത്രിക്കും വീണ്ടും പരാതി നല്‍കിയതായും ബന്ധുക്കള്‍ അറിയിച്ചു.

കൈക്കൂലിക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഡോ. വെങ്കിടഗിരിയെ ഐഎംഎ തള്ളിപ്പറയുന്നില്ല എന്ന് മാത്രമല്ല, പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കാഞ്ഞങ്ങാട് ഐഎംഎ പ്രസിഡന്റ് ഡോ. ടി വി പദ്മനാഭനും ഡോ.എന്‍ രാഘവനും ആരോപിച്ചു. ഒരുപാട് പരാതികള്‍ ഈ ഡോക്ടര്‍ക്കെതിരെ ഉണ്ട്. ശമ്പളം വാങ്ങി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇങ്ങനെ പെരുമാറാന്‍ പാടില്ല. രോഗികളെ സമ്മര്‍ദത്തിലാക്കി അവരുടെ പക്കല്‍ നിന്ന് പണം വാങ്ങുന്നത് തെറ്റായ കാര്യമാണെന്നും ഡോ. ടി വി പദ്മനാഭന്‍ പറഞ്ഞു.

25 വര്‍ഷത്തിലധികമായി കാസര്‍കോട് ആശുപ്രതിയില്‍ ഡോ. വെങ്കിടഗിരി തുടര്‍ച്ചയായി ജോലി ചെയ്തുവരികയാണ്. സസ്‌പെന്‍ഷന്‍ വന്നിട്ടും പ്രമോഷന്‍ വന്നിട്ടും കാസര്‍കോട് നിന്ന് ഡോ. വെങ്കിടഗിരി മാറിയിട്ടില്ല. ഇത് അദ്ദേഹത്തിന്റെ സ്വാധീനമാണ് തെളിയിക്കുന്നത്. അനസ്‌തേഷ്യ വിദഗ്ധരുടെ ദേശീയ സംഘടന (ഐഎസ്) യുടെ മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഇദ്ദേഹം. കാലാകാലങ്ങളിലായി വ്യാപകമായി കൈക്കൂലി വാങ്ങി കുപ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ചരിത്രം സാമൂഹിക മാധ്യമങ്ങളില്‍ സുലഭമാണ്.

മധൂര്‍ പഞ്ചായതിലെ 26 കാരിയായ സരസ്വതി എന്ന സ്ത്രീക്ക്, കൈക്കൂലി കൊടുക്കാത്തതിനാല്‍ ഡോ. വെങ്കിടഗിരി ചികിത്സ നിഷേധിച്ച സംഭവമുണ്ടായി. ജില്ലാ കലക്ടര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവരുടെ ഇടപെടലിനെത്തുടര്‍ന്നുണ്ടായ വിജിലന്‍സ് അന്വേഷണത്തില്‍ സ്ഥിരീകരിച്ച ഈ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം ശുപാര്‍ശ ചെയ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.

പാലക്കുന്ന് സ്വദേശിയായ അബ്ദുല്‍ ഖാദര്‍ എന്ന 54 കാരന്‍ ഹെര്‍ണിയ ഓപ്പറേഷന് കൈക്കൂലി കൊടുത്തപ്പോള്‍ അടുത്ത ദിവസം തന്നെ ഓപ്പറേഷന്‍ നടന്നു. മാസങ്ങളായി ഓപ്പറേഷന്‍ തീയ്യതി കിട്ടാതെ നടക്കുകയായിരുന്ന അബ്ദുല്‍ ഖാദര്‍ വിജിലന്‍സ് പൊലീസ് ആവശ്യപ്പെട്ടതിനുസരിച്ച് തെളിവിനായി 2000 രൂപ കൊടുക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തി 24 ന്യൂസ് എന്ന ചാനല്‍ പ്രക്ഷേപണം ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 18 നാണ് ഇത് സംപ്രേക്ഷണം ചെയ്തത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി സൂപ്രണ്ടിനെ ഘരാവോ ചെയ്തു. തുടര്‍ന്ന് നടന്ന വകുപ്പ് തല അന്വേഷണത്തില്‍ ഡോ. വെങ്കിടഗിരി കുറ്റക്കാരാണെന്ന് കണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടു. ഇതു മുന്‍കൂട്ടി അറിഞ്ഞ കെജിഎംഒ നേതാക്കള്‍, ഡോ. വെങ്കിടഗിരിക്കെതിരെ നടപടിയുണ്ടായാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫീസറെ രേഖാമൂലം ഭീക്ഷണിപ്പെടുത്തുകയുണ്ടായി. സസ്‌പെന്‍ഷനുശേഷം ആശുപത്രി വികസനസമിതി അദ്ദേഹത്തിന്റെ പേരിലുള്ള നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് തീരുമാനം എടുക്കുകയുണ്ടായെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. വെങ്കിടഗിരിയെ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Back to top button
error: