ക്യാന്‍സറിന് ‘ഡൊസ്റ്റര്‍ലിമാബ്’ അത്ഭുത മരുന്ന്, ആറ് മാസം കൊണ്ട് ക്യാൻസര്‍ പൂർണമായി മാറിയതായി അനുഭവസ്ഥർ
ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പേള്‍ ഭയക്കേണ്ട കാര്യമില്ല. ഇത് ഗൗരവമുള്ള രോഗമാണെങ്കിലും സമയബന്ധിതമായി രോഗം നിര്‍ണയിക്കാനായാല്‍ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയുണ്ട്. എന്നാല്‍ വൈകി രോഗം സ്ഥിരീകരിക്കുന്നതും, കൃത്യമായ ചികിത്സ ലഭിക്കാത്തതും നിരവധി രോഗികളുടെ ജീവന് തന്നെ അപകടത്തിലാക്കുന്നു.
ക്യാൻസർ മരുന്നുകൾക്ക് വേണ്ടി ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ റിസേർച്ചുകൾ നടത്തുന്നുണ്ട്. ഇതിൽ പലതും ക്യാൻസർ ചികിത്സയ്ക്ക് പ്രതീക്ഷ നൽകുന്ന തരത്തിലുള്ള വാര്‍ത്തകളാണ് എങ്ങു നിന്നും എത്തുന്നത്. ഇത്തരത്തിൽ ആശ്വാസം തരുന്ന ഒരു വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. 42 വയസായ ഒരു സ്ത്രീ ആറ് മാസം കൊണ്ട് ക്യാൻസര്‍ രോഗത്തില്‍ നിന്ന് പരിപൂര്‍ണമായി മുക്തി നേടിയെന്ന വാർത്ത. ക്യാൻസര്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ‘ഡൊസ്റ്റര്‍ലിമാബ്’ എന്ന മരുന്നാണത്രേ തുണയായത് . യു.കെയിലെ വെയില്‍സ് സ്വദേശിയായ കാരീ ഡൗണിക്ക് എന്ന സ്ത്രീയാണ് ഈ മരുന്നിലൂടെ ക്യാൻസറിൽ നിന്നും മുക്തയായി എന്ന് അറിയിച്ചത്.
വയറ്റിനുള്ളിലായിരുന്നു ഇവർക്ക് ക്യാൻസര്‍. മറ്റൊരു ശസ്ത്രക്രിയ നടന്നതിന് പിന്നാലെയുണ്ടായിരുന്ന ആരോഗ്യപ്രശ്നങ്ങളും വേദനകളും ഡോക്ടറെ കാണിക്കുന്നിനായി ആശുപത്രിയിലത്തിയതിന് പിന്നാലെയാണ് വയറിനുള്ളിൽ ക്യാൻസർ കണ്ടെത്തിയത്. തുടര്‍ന്ന് ക്യാൻസര്‍ രോഗവിദഗ്ധനായ ഡോ. ക്രെയ്ഗ് ബാരിംഗ്ടണ ‘ഡൊസ്റ്റര്‍ലിമാബ്’ കുത്തിവയ്പ് നിര്‍ദേശിച്ചു. തുടര്‍ന്ന് ആറ് മാസത്തോളം കാരീ ഡൗണിക്ക് ഈ കുത്തിവയ്പ്പ് എടുത്തു. പിന്നീട് സ്കാൻ ചെയ്തുനോക്കിയപ്പോള്‍ ക്യാൻസര്‍ വളര്‍ച്ച ചുരുങ്ങിയതായി കാണപ്പെട്ടു. വീണ്ടുംസ്കാനിങ്ങിന് വിധേയമായപ്പോൾ അങ്ങനെയൊരു രോഗമുണ്ടായിരുന്നതിന്റെ അടയാളം പോലും വയറിനുള്ളിൽകാണാൻ സാധിച്ചില്ലത്രേ.
എന്നാൽ ‘ഡൊസ്റ്റര്‍ലിമാബ്’എന്ന മെഡിസിന്റെ പരീക്ഷണഘട്ടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല. പക്ഷേ ക്യാൻസര്‍ ചികിത്സയില്‍ ഇതുണ്ടാക്കുന്ന ഫലങ്ങൾ വളരെ ആശ്വാസകരമാണ് എന്നാണ് വിലയിരുത്തുന്നത്.
വയറിലും മലാശയ സംബന്ധമായ ക്യാൻസറിന്റെ ചികിത്സയ്ക്കുമാണ് ‘ഡൊസ്റ്റര്‍ലിമാബ്’ നിലവില്‍ ഉപയോഗിക്കുന്നത്.
മലാശയ അർബുദ ബാധിതരായ 18 പേരിൽ ‘ഡൊസ്റ്റർലിമാബ്’ എന്ന അത്ഭുത മരുന്നു പരീക്ഷിച്ചത് വിജയം കണ്ടു. പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവർക്കും സൗഖ്യം ലഭിക്കുന്നത് അർബുദ ചികിത്സാ രംഗത്ത് ആദ്യമാണ്. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലായിരുന്നു പരീക്ഷണം. നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സ ചെയ്തിട്ടു ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 അർബുദ രോഗികൾക്കു മൂന്നാഴ്ചയിൽ ഒരിക്കൽ വീതം 6 മാസത്തേക്ക് ‘ഡൊസ്റ്റർലിമാബ്’ നൽകി. അർബുദ വളർച്ച തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടർന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോൾ അർബുദ വളർച്ച പൂർണമായും ഇല്ലാതായി. അർബുദ നിർണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്കാൻ, എംആർഐ സ്കാൻ ഉൾപ്പെടെ എല്ലാ പരിശോധനയിലും രോഗം പൂർണമായും മാറിയതായി കണ്ടെത്തി. പാർശ്വ ഫലങ്ങളൊന്നുമില്ല താനും.
കീമോതെറാപ്പി, റേഡിയോതെറാപ്പി പോലുള്ള ചികിത്സാരീതികൾ ഉണ്ടാക്കുന്ന ദോഷങ്ങളോന്നും ‘ഡൊസ്റ്റര്‍ലിമാബ്’ ഉണ്ടാക്കുന്നില്ല എന്നാണ് കാരീ ഡൗണ്‍ പറയുന്നത്. ഇപ്പോള്‍ രോഗമുക്തയായ ശേഷം തിരികെ ജോലിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് കാരീ. ഏതായാലും കാരീയുടെ വാര്‍ത്ത കൂടി പുറത്തുവരുന്നതോടെ ‘ഡൊസ്റ്റര്ലിമാബി’നെ അത്ഭുത മരുന്നെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.
എന്തുകൊണ്ട് ഡൊസ്റ്റര്‍ലിമാബ്?
കോവിഡ് കാലത്തു വാക്സീന്റെയും മരുന്നുകളുടെയും പലതരം ക്ലിനിക്കല്‍ ട്രയല്‍ വിവരങ്ങൾ കേട്ടിരുന്നു. എന്നാല്‍, അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡൊസ്റ്റര്‍ലിമാബ് ട്രയലില്‍ പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും രോഗമുക്തിയുണ്ടായി എന്ന അദ്ഭുതഫലമാണ് ഇതിനെ പ്രത്യേകതയുള്ളതാക്കുന്നത്. ശസ്ത്രക്രിയയോ കീമോതെറപ്പിയോ ഇല്ലാതെ രോഗമുക്തി നേടാനായി എന്നതായിരുന്നു ഈ ഗവേഷണത്തിലെ പ്രധാന സവിശേഷത.