ഇതുവരെ കളിച്ച മത്സരങ്ങളില്‍ 83 തവണ ഓസീസും 56 വട്ടം ഇന്ത്യയും വിജയിച്ചു. 10 മത്സരങ്ങളില്‍ ഫലമുണ്ടായില്ല. അടുത്തിടെ നടന്ന ഏകദിന പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ ഇന്ത്യയോടു പരാജയപ്പെട്ടെങ്കിലും ഓസ്ട്രേലിയ ഇപ്പോഴും കിരീടസാധ്യതയില്‍ ഏറെ മുന്നിലാണ്.
ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മാര്‍നസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത് എന്നിവരുടെ ബാറ്റിംഗ് കരുത്തിനൊപ്പം പേസ് നിരയും ഗ്ലെൻ മാക്സ്‌വെല്ലിന്‍റെ ഓള്‍റൗണ്ട് മികവും ചേരുന്നതോടെ ഓസ്ട്രേലിയ പതിന്മടങ്ങ് കരുത്താര്‍ജിക്കും.
അതേസമയം മത്സരത്തിനു മുന്പുതന്നെ ഇന്ത്യക്കു വൻ തിരിച്ചടി നല്‍കി ഓപ്പണര്‍ ശുഭ്മൻ ഗില്ലിനു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നാളെ ഓസ്ട്രേലിയയ്ക്കെതിരേ ഗില്‍ കളിക്കാൻ സാധ്യതയില്ല. താരത്തിനു പത്തു ദിവസംവരെ വിശ്രമം വേണ്ടിവരുമെന്നാണു റിപ്പോര്‍ട്ടുകള്‍. അങ്ങനെവന്നാല്‍, ക്യാപ്റ്റൻ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇഷാൻ കിഷൻ ഇറങ്ങും. കെ.എല്‍. രാഹുലിനെ ഓപ്പണിംഗില്‍ ഇറക്കുന്ന കാര്യവും ബിസിസിഐ ആലോചിക്കുന്നുണ്ട്.
ഈ വര്‍ഷം ആദ്യം ന്യൂസിലൻഡിനെതിരേ ഡബിള്‍ സെഞ്ചുറി നേടിയ ഗില്‍ ഏകദിനത്തില്‍ തകര്‍പ്പൻ ഫോമിലാണ്. 302 റണ്‍സുമായി ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പിലും തിളങ്ങി. ഈ വര്‍ഷം അഞ്ച് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സാണ് ഗില്ലിന്‍റെ അക്കൗണ്ടിലുള്ളത്. അവസാനം കളിച്ച നാല് ഏകദിനങ്ങളില്‍ ഗില്‍ രണ്ട് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയും നേടിയിരുന്നു.