CrimeNEWS

‘നിയമന കോഴ’യില്‍ പണം തട്ടിയത് മറ്റ് രണ്ട് പേര്‍; ഹരിദാസിനെ ജീവിതത്തില്‍ കണ്ടിട്ടേയില്ലെന്നും അഖില്‍ സജീവ്

പത്തനംതിട്ട: നിയമന കോഴയുമായി ഒരു ബന്ധവുമില്ലെന്നും പരാതിക്കാരനായ ഹരിദാസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും പിടിയിലായ മുഖ്യപ്രതി അഖില്‍ സജീവ്. പണം തട്ടിയത് ബാസിത്, റഹീസ് എന്നിവര്‍ അടങ്ങിയ സംഘമാണെന്നാണ് അഖില്‍ സജീവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖില്‍ സജീവിനെ പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയില്‍ നിന്നാണ് പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനില്‍ 2021ല്‍ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിയമന കോഴക്കേസില്‍ തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. പത്തനംതിട്ടയിലെ കേസില്‍ കോടതിയില്‍ ഹാജരാക്കിയ ശേഷമാകും തിരുവനന്തപുരം കണ്ടോന്‍മെന്റ് പൊലീസ് അഖില്‍ സജീവിനെ കസ്റ്റഡിയില്‍ വാങ്ങുക.

Signature-ad

മലപ്പുറം സ്വദേശി ഹരിദാസാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത്. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് മരുമകള്‍ ഡോ.നിതരാജ് അപേക്ഷിച്ചതിന് പിന്നാലെ അഖില്‍ സജീവ് ജോലി വാഗ്ദാനം ചെയ്ത് ഇങ്ങോട്ട് വന്നുവെന്നും അഞ്ച് ലക്ഷം നല്‍കിയാല്‍ ജോലി ഉറപ്പെന്നായിരുന്നു വാഗ്ദാനമെന്നുമായിരുന്നു പരാതിയിലുണ്ടായിരുന്നത്. 25000 രൂപ അഡ്വാന്‍സായി അഖില്‍ സജീവിന് മാര്‍ച്ച് 24ന് ഗൂഗിള്‍ പേ ചെയ്തു. പിന്നീട് ഒരുലക്ഷം തിരുവനന്തപുരത്തെത്തി അഖില്‍ സജീവ് അയച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിലുള്ള അഖില്‍ മാത്യുവെന്ന് പരിചയപ്പെടുത്തിയ ആള്‍ക്ക് കൈമാറി.

എന്നാല്‍, യഥാര്‍ഥ അഖില്‍ മാത്യുവല്ല, അഖില്‍ മാത്യുവെന്ന പേരില്‍ അഖില്‍ സജീവയച്ച മറ്റൊരാള്‍ക്കാകും പണം കൈമാറിയതെന്നാണ് നിലവില്‍ പൊലീസ് പറയുന്നത്. പിടിയിലായ അഖില്‍ സജീവനെ ചോദ്യം ചെയ്ത ശേഷം ഇക്കാര്യത്തിലും വ്യക്തത ലഭിക്കും. പണം കൊടുത്തതിന് പിന്നാലെ നിത രാജിന് ആയുഷ് വകുപ്പില്‍ നിന്നും ഇ മെയില്‍ വന്നു. 25 നകം നിയമന ഉത്തരവ് കിട്ടുമെന്നായിരുന്നു മെയില്‍. ഇതിന് പിന്നാലെ അഖില്‍ സജീവന് അന്‍പതിനായിരം രൂപ കൂടി നല്‍കി. നിയമനം കിട്ടാത്തതിനെ തുടര്‍ന്ന് ഹരിദാസന്‍ ഈ മാസം 13 ന് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.

 

Back to top button
error: