കൊച്ചി: കേരളത്തിലെ ട്രാക്കുകള്‍ നിവര്‍ത്തുന്ന ജോലി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം – കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറായി കുറയും. ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയര്‍ത്താനുള്ള നടപടികളാണ് ഇന്ത്യന്‍ റെയില്‍വേ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ട്രാക്കുകളില്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 160 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപിച്ചിരുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പദ്ധതി പൂത്തിയാക്കുമെന്നായിരുന്നു വാക്ക്. ഇതോടെ തിരുവനന്തപുരം – കാസര്‍കോട് ട്രെയിന്‍ യാത്ര അഞ്ചര മണിക്കൂറിനുള്ളില്‍ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകള്‍ നിവര്‍ത്താനുള്ള നടപടികളാണ് നിലവില്‍ നടക്കുന്നത്.
ഷൊര്‍ണൂര്‍ മുതല്‍ മംഗളൂരു വരെയുള്ള പാതയിലെ വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ക്ക് പിന്നാലെ തിരുവനന്തപുരം മുതല്‍ ഷൊര്‍ണൂര്‍ വരെയുള്ള പാതകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ റെയില്‍വേ തുടക്കമിട്ടു കഴിഞ്ഞു. വളവ് നിവര്‍ത്തല്‍, പാളം – പാലം അറ്റകുറ്റപ്പണി, പുതിയ സിഗ്നലിങ് സംവിധാനം എന്നിവ വരുന്നതോടെ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി കൂട്ടാന്‍ കഴിയും.
സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത ആദ്യം 110 കിലോമീറ്ററും പിന്നീട് 130 കിലോമീറ്ററുമാക്കുമെന്നുമായിരുന്നു അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നത്. ഷൊര്‍ണ്ണൂര്‍ – മംഗളൂരു പാതയിലെ 307 കിലോമീറ്ററില്‍ 288 വളവുകളാണ് ഒരുവര്‍ഷത്തിനുള്ളില്‍ നിവര്‍ത്തുക. തിരുവനന്തപുരം – ഷൊര്‍ണൂര്‍ പാതയിലാകട്ടെ ആദ്യഘട്ടത്തില്‍ 86 ചെറുവളവുകള്‍ നിവര്‍ത്താനാണ് ശ്രമം. ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാന്‍ കഴിയുന്ന വളവുകളാണിത്.
തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള വേഗം 110 കിലോമീറ്ററാക്കി കൂട്ടുകയെന്നാണ് നിലവിലെ ലക്ഷ്യം. എറണാകുളം – ഷൊര്‍ണൂര്‍ പാതയില്‍ സാധ്യമായ സ്ഥലങ്ങളില്‍ 110, മറ്റിടങ്ങളില്‍ 90 കിലോമീറ്റര്‍ എന്നിങ്ങനെയും വേഗം കൂട്ടും. കേരളത്തില്‍ ട്രെയിനുകള്‍ക്ക് വേഗക്കുറവുള്ളത് ഷൊര്‍ണൂര്‍ – എറണാകുളം സെക്ഷനിലാണ്.
നിലവില്‍ ഷൊര്‍ണൂര്‍ – മംഗളൂരു പാതയില്‍ തീവണ്ടികള്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാന്‍ കഴിയും. ഇവിടെ വളവുകള്‍ നിവര്‍ത്തുന്നതോടെ ഇത് 130 ആയി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍തന്നെ ടെന്‍ഡര്‍ വിളിച്ച് നടപടി ആരംഭിച്ചിരുന്നു. നാല് സെക്ഷനുകളിലായാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്. മംഗളൂരു – കാസര്‍കോട്, കാസര്‍കോട് – കണ്ണൂര്‍, കണ്ണൂര്‍ – കോഴിക്കോട്, കോഴിക്കാട് – ഷൊര്‍ണൂര്‍ എന്നിങ്ങനെയാണിത്. കാസര്‍കോട് – മംഗളൂരു പാതയിലെ വളവ് നിവര്‍ത്തല്‍ എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകള്‍ ഒരുവര്‍ഷത്തിനുള്ളിലും പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.