
കണ്ണൂര്‍: പാനൂര്‍ നഗരസഭാ ചെയര്‍മാനെയും മുസ്‌ലിം നേതാക്കളെയും അധിക്ഷേപിച്ചു കൊണ്ടുളള ഫോണ്‍ ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പാനൂര്‍ നഗരസഭാ സെക്രട്ടറിക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായി. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ഇന്ന് അടിയന്തിര കൗണ്‍സില്‍ യോഗം വിളിച്ചിട്ടുണ്ട്. നഗരസഭാ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുളള കടുത്ത നടപടി കൗണ്‍സില്‍ യോഗത്തിൽ ഉണ്ടാവും.
ഭരണപക്ഷമായ യുഡിഎഫിനു പിന്നാലെ പ്രതിപക്ഷമായ ഇടതുപക്ഷവും സെക്രടറിക്കെതിരെ രംഗത്തുവന്നു. വിദ്വേഷ പ്രചാരണം നടത്തുന്ന സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. നഗരസഭ സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥനും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ചെയര്‍മാനും മുസ്‌ലിംലീഗ് നേതാക്കള്‍ക്കെതിരെ അധിക്ഷേപമുളളതെന്ന് നേതാക്കൾ ആരോപിക്കുന്നു.
‘പാനൂര്‍ നഗരസഭയില്‍ ഇസ്‌ലാമിക് ബ്രദര്‍ഹുഡ് പ്രവര്‍ത്തിക്കുന്നു’ എന്ന് ആരോപിക്കുന്ന സെക്രട്ടറി, ‘പ്രദേശത്തെ മാപ്പിളമാര്‍ എനിക്ക് വട്ടപൂജ്യമാണ്, ചെയര്‍മാനേക്കാള്‍ നല്ല ഇൻഡ്യൻ പൗരനാണ് ഞാന്‍, കളിച്ചാല്‍ യുപിയിലെ ജയിലിലടക്കും, ഇസ്‌ലാമിക രാജ്യം മനസില്‍ പ്രേമിച്ചു നടക്കുന്നവനാണ് ചെയര്‍മാനും ചില കൗണ്‍സിലര്‍മാരും’ തുടങ്ങി പ്രകോപനപരമായ കാര്യങ്ങളാണ് പറയുന്നത്. മാപ്പിളമാരുടെ കാര്യത്തിനു വേണ്ടി മാത്രം ഉണ്ടാക്കിയതാണ് ലീഗെന്നും ‘തങ്ങള്‍’ എന്ന് പറഞ്ഞാല്‍ മതം മാറിയ ടീമാണെന്നും ശബ്ദരേഖയിൽ പരിഹസിക്കുന്നു.
ഈയിടെ സ്ഥലംമാറിപോയ എല്‍.ഡി ക്ലാര്‍ക്കിനോടാണ് സെക്രട്ടറിയുടെ സംഭാഷണം. ശബ്ദരേഖ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതോടെ മുസ്‌ലിം ലീഗും യുഡിഎഫും സമരവുമായി രംഗത്തെത്തി. ഈ നടപടിയെ സിപിഎമ്മും അപലപിച്ചു. നഗരസഭ ഭരണസമിതിയും സെക്രട്ടറിയും തമ്മില്‍ ഏറെനാളായി അസ്വാരസ്യത്തിലാണ്. കണ്ടിജന്‍സി ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട് ഹെല്‍ത് ഇന്‍സ്പെക്ടറുമായുള്ള അഭിപ്രായ ഭിന്നതയാണ് ഏറ്റവും ഒടുവിലേത്. ഇതിലുള്ള സെക്രട്ടറിയുടെ പ്രതിഷേധമാണ് സംഭാഷണത്തില്‍ മുഴുവനെന്നാണ് വിവരം.
കഴിഞ്ഞ കുറെക്കാലമായി യുഡിഎഫാണ് പാനൂര്‍ നഗസഭ ഭരിക്കുന്നത്. 40 അംഗ കൗണ്‍സിലില്‍ മുസ്‌ലിം ലീഗ് 17, കോണ്‍ഗ്രസ് ആറ്, എല്‍ഡിഎഫ് 14, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. സെക്രട്ടറിയുമായി അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതായും നഗരസഭ തനത് തുകയിൽ നിന്ന് ആദായനികുതിയടച്ചതിന് ഇദ്ദേഹത്തിനെതിരെ നേരത്തേ പരാതി നല്‍കിയിട്ടുണ്ടെന്നും നഗസഭ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ പ്രതികരിച്ചു. ഇന്ന് ചേരുന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കുന്നതിനായി പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.






