കാഞ്ഞങ്ങാട്: രജനി വധക്കേസിന്റെ വിചാരണ വേളയിൽ ഭർത്താവ് പ്രതിയായിരുന്നിട്ടും സത്യസന്ധമായ മൊഴി നൽകിയ രണ്ടാം പ്രതി ബെനഡിക്ട് എന്ന ബെന്നിയുടെ ഭാര്യയ്ക്ക് വിധിയിൽ കോടതിയുടെ പ്രത്യേക പരാമർശം. കേസിൽ ഒന്നാം പ്രതിയായ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സതീശന് (41) മരണം വരെ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം കഠിന തടവും രണ്ടാം പ്രതി ചെറുവത്തൂര്‍ മദര്‍തെരേസ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയും മാഹി സ്വദേശി ബെനഡിക്റ്റ് എന്ന ബെന്നിക്ക് (48) അഞ്ച് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പൊലീസിന്റെ കുറ്റമറ്റ രീതിയിലുള്ള അന്വേഷണത്തിനും പ്രോസിക്യൂഷന്റെ വാദങ്ങൾക്കും കോടതി വിധിയിൽ പരാമർശങ്ങളുണ്ട്. മുൻ നീലേശ്വരം സി.ഐയും ഇപ്പോഴത്തെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുമായ യു പ്രേമൻ, ചന്തേര എസ് ഐ പി ആർ മനോജ്, ഗ്രേഡ് എസ് ഐ മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ദിവാകരൻ, കുമാരൻ, ദിനേശ് രാജ് എന്നിവരായിരുന്നു കേസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി കാസർകോട് ജില്ലാ അഡീഷനൽ പ്രോസിക്യൂടർ പി രാഘവനും ഇ ലോഹിതാക്ഷനും ഹാജരായിരുന്നു.
പ്രതികൾ ഇരുവരും ചേർന്ന് നാല് ലക്ഷം രൂപ പിഴയടച്ചാൽ പിഴത്തുക രജനിയുടെ മാതാവിന് നൽകാനും കോടതി വിധിയിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. രജനിയുടെ പിതാവ് കണ്ണന്റെ പരാതിയിലാണ് കേസെടുത്തതെങ്കിലും അദ്ദേഹം പിന്നീട് മരണപ്പെട്ടു. രജനിയുടെ ഫോൺ കോൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സതീശനെ കസ്‌റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സമർഥമായി നടത്തിയ കൊലപാതകത്തിന്റെ ചരുളഴിഞ്ഞത്.
ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപത്തെ എം.സി ക്വാർട്ടേഴ്സിലെ ഇരുനില കെട്ടിടത്തിലാണ് രജനിയും സതീശനും ചേർന്ന് ഹോം നഴ്സിങ് സ്ഥാപനം നടത്തിവന്നത്. ഇരുവരും സ്ഥാപനത്തിൽ ഒന്നിച്ച് താമസിക്കുകയായിരുന്നു. 2014 സെപ്റ്റംബർ 11 ന് രാത്രി 11 മണിയോടെയാണ് ഹോം നഴ്സിങ് സ്ഥാപനത്തിൽ വെച്ച് കൊലപാതകം നടന്നത്. രജനി തന്നെ വിവാഹം കഴിക്കണമെന്ന് സതീശനോട് ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും സതീശന്റെ അടിയേറ്റ് വാതിലിൽ തലയിടിച്ച് വീണ് യുവതി അബോധാവസ്ഥയിലാവുകയും ചെയ്യുകയായിരുന്നു.
അതിന് ശേഷം രജനിയെ കഴുത്ത് ഞെരിച്ച് കൊലപാതകം ഉറപ്പാക്കി. രണ്ട് ദിവസം കഴിഞ്ഞു 14ന് രാത്രിയാണ് സുഹൃത്തായ ബെന്നിയെ വിളിച്ചുവരുത്തി മൃതദേഹം വാഹനത്തിൽ സതീശൻ മുമ്പ് സ
താമസിച്ചിരുന്ന വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ കുഴിച്ചിട്ടത്. മൃതദേഹം എത്തിച്ച ശേഷം ബെന്നി തിരിച്ചുപോയിരുന്നു. സതീശൻ തന്റെ സുഹൃത്തുക്കളിൽ നിന്നും മൺവെട്ടി വാങ്ങി അന്നുരാത്രി അവിടെ കുഴിയെടുത്ത് രജനിയുടെ മൃതദേഹം കുഴിച്ചിടുകയും ചെയ്തു’, പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
രജനിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 20ന് മൃതദേഹം നാട്ടുകാരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പുറത്തെടുക്കുകയായിരുന്നു. നിഷ്ടൂരമായ രീതിയിൽ ഒരു യുവതിയെ കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ല എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.