കോഴിക്കോട്: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സര്‍ക്കാറിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലോട്ടറി ഏജന്റിന്.
വേളൂര്‍ ശ്രീഗംഗയില്‍ എൻ.കെ. ഗംഗാധരനാണ് അപ്രതീക്ഷിതമായി ഭാഗ്യദേവതയുടെ അനുഗ്രഹം ലഭിച്ചത്. ഗംഗാധരന്റെ കടയില്‍ വില്‍ക്കാതെ ബാക്കിയായ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്.
ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യം ഗംഗാധരനെ തേടിയെത്തിയത്. ഇന്നു രാവിലെ എസ്ബിഐ അത്തോളി ബ്രാഞ്ചില്‍ ടിക്കറ്റ് ഏല്പിച്ചശേഷമാണ് ഗംഗാധരൻ വിവരം പുറത്തു പറഞ്ഞത്.
അത്തോളി ഗ്രാമ പഞ്ചായത്ത് ഓഫിസിനു സമീപത്താണ് ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള ദേവിക സ്റ്റോര്‍.ഇതേ നറുക്കെടുപ്പില്‍ 6 പേര്‍ക്ക് 5000 രൂപ വീതമുള്ള സമ്മാനവും ഇവിടെനിന്നു വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. 33 വര്‍ഷത്തോളം ബസ് കണ്ടക്ടറായിരുന്ന ഗംഗാധരൻ കഴിഞ്ഞ നാലു വര്‍ഷമായി അത്തോളിയില്‍ സ്റ്റേഷനറി കടയും ലോട്ടറി കച്ചവടവും നടത്തുകയാണ്. നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഒന്നാം സമ്മാനം ഈ കടയില്‍ ലഭിക്കുന്നത്