ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ 20 സ്വര്‍ണ്ണം എന്ന നേട്ടത്തില്‍ എത്തി. ഇന്ന് സ്ക്വാഷ് മിക്സ്ഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യൻ സഖ്യമായ ദീപിക പല്ലിക്കലും ഹരീന്ദര്‍പാല്‍ സിംഗും ജയിച്ചതോടെയാണ് ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 20 ആയത്.
2-0ന് മലേഷ്യൻ സഖ്യത്തെ ആണ് ഇന്ത്യൻ താരങ്ങള്‍ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വര്‍ണ്ണമാണ്. നേരത്തെ അമ്ബെയ്ത്തിലും ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു.
ഈ ഏഷ്യൻ ഗെയിംസില്‍ ഇതോടെ ഇന്ത്യക്ക് 83 മെഡല്‍ ആയി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടമാണ് ഇത്. 20 സ്വര്‍ണ്ണത്തോടൊപ്പം 31 വെള്ളിയും 32 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. 100 മെഡലുകള്‍ എന്ന മാന്ത്രിക സംഖ്യയില്‍ എത്തുക എന്നതാകും ഇന്ത്യൻ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.