റിയാദ്: ലോകത്തിന് ഖത്തർ നൽകിയ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2034ലെ ഫിഫ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകാൻ തയാറെടുത്ത് സൗദി അറേബ്യ.
ഏഷ്യ, ഓഷ്യാന മേഖലയില്‍ നിന്നുള്ള രാജ്യങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാമെന്ന് ഫിഫ അറിയിച്ചതോടെ ഇതിന് വേണ്ടിയുള്ള ലേലത്തില്‍ പങ്കെടുക്കുമെന്ന് സൗദി ഫുട്ബോള്‍ ഫെഡറേഷന് പ്രഖ്യാപിച്ചു.
ഫുട്ബോള്‍ ലോകത്ത് സമീപകാലത്തായി സൗദി കൂടുതല്‍ ഇടപെടുന്നുണ്ട്. ലോകോത്തര താരങ്ങളെ സൗദിയിലെ ക്ലബ്ബുകളിലേക്ക് ആകര്‍ഷിച്ചും അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്ക് വേദിയൊരുക്കിയുമാണ് സൗദിയുടെ ഇടപെടല്‍. ഈ വര്‍ഷത്തെ ഫിഫ ക്ലബ് ലോകകപ്പ്, 2027ലെ എഎഫ്സി ഏഷ്യന്‍ കപ്പ് എന്നിവയെല്ലാം സൗദിയിലേക്ക് ആകര്‍ഷിച്ചതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്.അടിമുടി മാറിക്കൊണ്ടിരിക്കുന്ന സൗദിക്ക് പുത്തന്‍ ഊര്‍ജം നല്‍കുന്നതാകും ഫിഫ ലോകകപ്പ് എന്നതിൽ സംശയമില്ല.
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് വേദിയാകാന്‍ പത്ത് വര്‍ഷത്തോളം നീണ്ട ഒരുക്കമാണ് ഖത്തര്‍ നടത്തിയത്.20000 കോടി ഡോളറാണ് ഖത്തര്‍ വേദിക്കും മറ്റുമായി ചെലവിട്ടതെന്നാണ് വാര്‍ത്തകള്‍. അതേസമയം ഓസ്ട്രേലിയയും 2034 ലോകകപ്പ് ലേലത്തിനുണ്ടാകുമെന്നാണ് സൂചനകള്‍.