KeralaNEWS

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. മൂന്നു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി സിബിഐയ്ക്കു നിര്‍ദ്ദേശം നല്‍കി. ഗൂഢാലോചനയുണ്ടെങ്കില്‍ അത് ഉള്‍പ്പെടെ പരിശോധിക്കാനും ഉത്തരവിലുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയില്ലെന്നും അപകടത്തിനു കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും ഹര്‍ജി പരിഗണിക്കുമ്പോള്‍ സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്.

ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്നാണ് മുന്‍പ് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും കണ്ടെത്തിയിരുന്നത്. ഇതിനിടെയാണ് ബാലഭാസ്‌കറിന്റെ പിതാവ് ഹൈക്കോടതിയെ സമീപിച്ച് തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്. കേസിന്റെ എല്ലാ വശങ്ങളും സിബിഐ പരിശോധിച്ചിട്ടില്ലെന്നും ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകളുണ്ടെന്നുമാണു പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

Signature-ad

ഗൂഢാലോചനയിലേക്കു വെളിച്ചം വീശുന്ന ചില വെളിപ്പെടുത്തലുകള്‍ മുന്‍പു പുറത്തുവന്നിരുന്നു. അപകട സമയത്ത് പ്രദേശത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളില്‍ ചിലരും ചില സംശയങ്ങള്‍ ഉന്നയിച്ചു. യാത്രയുടെ ആരംഭം മുതല്‍ ചില കാര്യങ്ങളിലുണ്ടായിരുന്ന അനിശ്ചിതത്വവും സംശയത്തിന് ഇട നല്‍കി. ഇത്തരം വശങ്ങളൊന്നും പരിശോധിക്കാതെ ചില നിഗമനങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തിയതെന്നാണു പരാതി.

ഈ സാഹചര്യത്തില്‍ ബാലഭാസ്‌കര്‍ ഉള്‍പ്പെട്ട അപകടത്തിലും മരണത്തിലും ഗൂഢാലോചനയുണ്ടോ എന്നതടക്കം പരിശോധിക്കുന്നതിനു തുടരന്വേഷണം വേണമെന്നാണു പിതാവിന്റെ ഹര്‍ജിയിലെ ആവശ്യം. മകന്റെ മരണത്തിനു പിന്നിലെ കാരണങ്ങള്‍ അറിയുന്നതിനു പിതാവിന് അവകാശമുണ്ട് എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.

നേരത്തെ, തുടരന്വേഷണ ഹര്‍ജിയില്‍ വിധി പറയുന്നതുവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നടക്കുന്ന കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന ഇടക്കാല ഉത്തരവു തുടരുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ശരിയായ അന്വേഷണമാണു നടത്തിയതെന്നും വിചാരണ തുടരാന്‍ അനുവദിക്കണമെന്നും സിബിഐയും ആവശ്യപ്പെട്ടു. ബാലഭാസ്‌കറും മറ്റും സഞ്ചരിച്ചിരുന്ന കാറിനു പിന്നാലെയുണ്ടായിരുന്ന കെഎസ്ആര്‍ടിസി ബസ്, അപകടം നടന്നയുടനെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ബാലഭാസ്‌കറിനെയും മറ്റും ആരും ആക്രമിക്കുന്നതു കണ്ടതായി ബസ് ഡ്രൈവറിന്റെ മൊഴിയില്‍ ഇല്ല. കാറിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യയും ഇത്തരമൊരു പരാതി പറഞ്ഞിട്ടില്ല. കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍ പബ്ലിസിറ്റിക്കുവേണ്ടി മാത്രമാണെന്നും സിബിഐ അഭിഭാഷകന്‍ അറിയിച്ചു. അപകടസ്ഥലത്തു സംഗീതപ്രമുഖനെ കണ്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍.

 

Back to top button
error: