ഇടുക്കി: തട്ടുകടയിലെത്തി ഭക്ഷണം ചോദിച്ചപ്പോള്‍ തീര്‍ന്നെന്ന് പറഞ്ഞതില്‍ പ്രകോപിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. സാരമായി പരുക്കേറ്റ പുളിയന്മല ചിത്രാഭവനില്‍ ശിവചന്ദ്രനെ (36) കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.
കഴിഞ്ഞ ദിവസം രാത്രി 10.30നു പുളിയന്മലയിലെ തട്ടുകടയിലായിരുന്നു സംഭവം. കട അടയ്ക്കാറായപ്പോഴാണു സമീപത്ത് ബേക്കറി നടത്തുന്ന വ്യക്തിയുടെ മകന് ഭക്ഷണം ചോദിച്ച് എത്തിയത്. ഭക്ഷണം തീര്‍ന്നതിനാല്‍ കട അടയ്ക്കാനായി ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്നു ജീവനക്കാര്‍.
ഭക്ഷണം തീര്‍ന്നതിനാല്‍ കടയില്‍ ജീവനക്കാര്‍ക്ക് മാറ്റി വച്ചിരുന്നു ദോശ ശിവചന്ദ്രന് ഇയാള്‍ക്ക് നല്കി. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സുജിത്ത് ചമ്മന്തി ലഭിക്കാത്തതില്‍ പ്രകോപിതനായി കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരനായ മാണിക്യത്തെ ഇയാള്‍ മര്‍ദിക്കുകയും ചെയ്തു. ഇതുകണ്ട് തടസ്സം പിടിക്കാന്‍ എത്തിയ ശിവചന്ദ്രനെ മര്‍ദിച്ചു നിലത്തിട്ടശേഷം പ്രതി മൂക്ക് കടിച്ചെടുത്തെന്നാണു പരാതി.
കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷനല്‍കിയശേഷം ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കുകയുമായിരുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് വണ്ടന്മേട് പൊലീസ് കേസെടുത്തു. ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചു.