IndiaNEWS

ഡല്‍ഹി മദ്യനയക്കേസില്‍ അടുത്ത വിക്കറ്റ്? എഎപി എംപിയുടെ വീട്ടില്‍ ഇ.ഡി. റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ആരോപണത്തില്‍ എഎപി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് സഞ്ജയ് സിങ്ങിന്റെ വീട്ടില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്.

മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെയും കേസില്‍ സിബിഐ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു എഎപി നേതാവുകൂടി കേസില്‍ നടപടി നേരിടുന്നത്.

Signature-ad

മദ്യവില്‍പ്പന പൂര്‍ണമായി സ്വകാര്യവത്കരിക്കുന്നതിന് 2021 നവംബര്‍ 17-ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022 ജൂലായില്‍ പിന്‍വലിച്ചിരുന്നു. നയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ ലെഫ്. ഗവര്‍ണര്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശചെയ്തു. മദ്യനയത്തിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളില്‍ സി.ബി.ഐ. ആണ് ആദ്യം കേസെടുത്തത്. എക്സൈസ് മന്ത്രിയായ സിസോദിയ ഉള്‍പ്പെടെ 15 പേര്‍ക്കെതിരേയാണ് സിബിഐ എഫ്.ഐ.ആര്‍. തയ്യാറാക്കിയത്.

പിന്നീട് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനധികൃത പണമിടപാട് സംബന്ധിച്ച് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു. അഴിമതി നടത്തി ലഭിച്ച പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചെന്നാണ് ആരോപണം.

Back to top button
error: