IndiaNEWS

നന്ദേഡ് ആശുപത്രിയില്‍ മരണസംഖ്യ ഉയരുന്നു; 48 മണിക്കൂറില്‍ 31 മരണം

മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലു കുട്ടികളടക്കം ഏഴുപേര്‍ കൂടി മരിച്ചു. ഇതോടെ 48 മണിക്കൂറിനുള്ളില്‍ മരണസഖ്യ 31 ആയി. 31 പേരില്‍ 15 പേര്‍ നവജാതശിശുക്കളോ കുട്ടികളോ ആണ്. ആശുപത്രിയിലെ 71 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതാണു അത്യാഹിതത്തിനു കാരണമെന്ന ആരോപണം ആശുപത്രി ഡീന്‍ ഡോ. ശ്യാമറാവോ വകോടേ നിഷേധിച്ചു. ഡോക്ടര്‍മാരുടെ അഭാവമോ മരുന്നുകളുടെ അപര്യാപ്തയോ ഉണ്ടായിട്ടില്ലെന്നും ഡീന്‍ പറഞ്ഞു.

മരുന്നിന്റെ ലഭ്യതക്കുറവാണ് മരണങ്ങള്‍ക്കു കാരണമെന്ന് കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. 70-80 കി.മീ ചുറ്റളവിലുള്ള ഏക ആശുപത്രിയാണെന്നും ചില ഘട്ടങ്ങളില്‍ രോഗികളുടെ എണ്ണം വല്ലാതെ വര്‍ധിക്കാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ചു കൊണ്ടാണ് ഇന്നു പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ രോഗികളാണു മരിച്ചതെന്നാണ് ഇന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Signature-ad

ആശുപത്രിയില്‍ സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ 1നും മരിച്ച 12 നവജാത ശിശുക്കള്‍ക്കു തീരെ ഭാരം ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി ഡീന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ശിശുരോഗ വിഭാഗത്തില്‍ 142 കുട്ടികളെയാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 42 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍ അറിയിച്ചു.

ആശുപത്രിയിലെ കൂട്ടമരണത്തില്‍ ഏക്‌നാഥ് ഷിന്‍െഡ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ് പ്രതിപക്ഷം.

സര്‍ക്കാര്‍ ആശുപത്രിയില്‍ മരുന്നും ജീവനക്കാരുമില്ല; മഹാരാഷ്ട്രയില്‍ 12 നവജാതശിശുക്കളടക്കം 24 രോഗികള്‍ മരിച്ചു

 

Back to top button
error: