CrimeNEWS

ഉജ്ജൈന്‍ ബലാത്സംഗത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍; പ്രതിയുടെ വീട് പൊളിച്ചുനീക്കും

ഭോപാല്‍: മധ്യപ്രദേശിലെ ഉജ്ജൈനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ വീട് നാളെ പൊളിച്ചുനീക്കും. കേസില്‍ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ ഭരത് സോണിയുടെ വീട് ആണ് ബുധനാഴ്ച പൊളിച്ചുനീക്കുകയെന്ന് ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായാണ് പ്രതി വീട് നിര്‍മിച്ചതെന്നും അതിനാല്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി നോട്ടീസോ മറ്റോ ആവശ്യമില്ലെന്നുമായിരുന്നു മുനിസിപ്പല്‍ കമ്മീഷണര്‍ റോഷന്‍ സിങ്ങിന്റെ പ്രതികരണം. മധ്യപ്രദേശ് പോലീസിന്റെ സഹകരണത്തോടെയാകും വീട് പൊളിച്ചുനീക്കുന്ന നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Signature-ad

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭരത് സോണിയെ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ചോരയൊലിക്കുന്നനിലയില്‍ ഉജ്ജൈനിലെ തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.

അര്‍ധനഗ്‌നയായ നിലയില്‍ വീടുകള്‍ തോറും കയറി സഹായം അഭ്യര്‍ഥിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നത്. ഇതിനുപിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭരത് സോണി അറസ്റ്റിലായത്. ഏകദേശം 700-ഓളം സിസി ടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിച്ചത്. രാജ്യവ്യാപകമായി ചര്‍ച്ചയായ സംഭവമായതിനാല്‍ പ്രത്യേക പോലീസ് സംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.

Back to top button
error: