KeralaNEWS

സര്‍ക്കാര്‍ പരസ്യത്തില്‍ കുഞ്ഞാലിക്കുട്ടി; ഖരമാലിന്യ സംസ്‌കരണത്തില്‍ സ്‌പെഷ്യലിസ്റ്റെന്ന് ലീഗ്

കോഴിക്കോട്: സര്‍ക്കാര്‍ പരിപാടിയുടെ പ്രചാരണവീഡിയോയില്‍ പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ പരസ്യത്തിലാണ് കുഞ്ഞാലിക്കുട്ടി പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എം.ബി. രാജേഷും ഉള്‍പ്പെട്ട വീഡിയോയില്‍ പ്രതിപക്ഷത്തുനിന്ന് കുഞ്ഞാലിക്കുട്ടി മാത്രമാണ് ഉള്ളത്.

തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലാണ് ഖരമാലിന്യ സംസ്‌കരണ പദ്ധതി. ഒക്ടോബര്‍ രണ്ടുമുതല്‍, ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ തീവ്ര യജ്ഞം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപച്ചിരുന്നു. ഇതിന്റെ പരസ്യത്തിലാണ് പ്രതിപക്ഷത്തുനിന്ന് കുഞ്ഞാലിക്കുട്ടി മാത്രം ഉള്‍പ്പെട്ടിരിക്കുന്നത്.

Signature-ad

രണ്ടു വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. മന്ത്രി എം.ബി. രാജേഷ്, ഗായിക സിത്താര കൃഷ്ണകുമാര്‍, ചലച്ചിത താരം മഞ്ജു വാര്യര്‍, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരാണ് ആദ്യത്തെ വീഡിയോയില്‍ ഉള്ളത്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ മാലിന്യമുക്ത നവകേരളത്തിനായുളള് പ്രതിജ്ഞെയെടുക്കുന്ന വീിയോയാണ് രണ്ടാമത്തേത്. പിണറായി വിജയനു പുറമേ, കുഞ്ഞാലിക്കുട്ടി, എം.ബി. രാജേഷ്, താരങ്ങളായ മമ്മൂട്ടി, ടോവിനോ തോമസ്, അഭിനേതാവ് മഞ്ജു വാര്യര്‍ എന്നിവരാണ് രണ്ടാമത്തെ വീഡിയോയില്‍ ഉള്ളത്.

അതേസമയം, സര്‍ക്കാര്‍ പരസ്യത്തില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടത്തില്‍ മുസ്ലിം ലീഗിനുള്ളില്‍ അതൃപ്തിയുണ്ടെന്നാണ് വിവരം. സര്‍ക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി രൂക്ഷപ്രതികരണം നടത്താന്‍ മുതിരുന്നില്ലെന്നടക്കം അദ്ദേഹത്തിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷനേതാവിനേയും കോണ്‍ഗ്രസ് നേതാക്കളേയും ഒഴിവാക്കിയുള്ള പരസ്യത്തില്‍ അദ്ദേഹം സ്ഥാനം പിടിച്ചത്.

അതിനിടെ, യു.ഡി.എഫില്‍ ചര്‍ച്ച ചെയ്താണ് കുഞ്ഞാലിക്കുട്ടി സര്‍ക്കാര്‍ പരസ്യത്തില്‍ സഹകരിച്ചതെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി. കുഞ്ഞാലിക്കുട്ടി ഖരമാലിന്യ സംസ്‌കരണത്തില്‍ സ്പെഷ്യലിസ്റ്റാണ്. കേരള ഹൈക്കോടതി പോലും അദ്ദേഹത്തിന്റെ ശ്രമങ്ങളെ പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹം തദ്ദേശവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഖരമാലിന്യസംസ്‌കരണ രംഗത്ത് കേരളം മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്.

ഖരമാലിന്യ സംസ്‌കരണം സംസ്ഥാനത്തിന്റെ പൊതു ആവശ്യമാണ്. അതുമായി എല്ലാവരും സഹകരിക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ പരസ്യം വരുമ്പോള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തും എന്ന വിശ്വാസം സര്‍ക്കാരിനുണ്ട്. പ്രതിപക്ഷനേതാവ് സൗണ്ട് റസ്റ്റിലായതുകൊണ്ടാണ് പരസ്യവുമായി സഹകരിക്കാത്തത്. അദ്ദേഹത്തെ സര്‍ക്കാര്‍ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: