IndiaNEWS

വീണ്ടും പ്രകോപനം; അരുണാചൽ പ്രദേശിന് സമീപം ട്രാന്‍സ്-ഹിമാലയ ഫോറം നടത്താനൊരുങ്ങി ചൈന 

ന്യൂദല്‍ഹി: മൂന്നാമത് ട്രാന്‍സ്-ഹിമാലയ ഫോറത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ചൈന. നാളെയും മറ്റന്നാളുമായി നടക്കുന്ന ട്രാന്‍സ്-ഹിമാലയ ഫോറത്തിന് ചൈന വേദിയൊരുക്കുന്നത് അരുണാചല്‍ പ്രദേശിന് സമീപമുള്ള ടിബറ്റിലെ നൈന്‍ചിയില്‍ ആണ്.

പാകിസ്ഥാന്‍ ആക്ടിംഗ് വിദേശകാര്യ മന്ത്രി ജലീല്‍ അബ്ബാസ് ജിലാനി ഫോറത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനെ കൂടാതെ മംഗോളിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ യോഗത്തെ ഇന്ത്യയും പ്രാധാന്യത്തോടെയാണ് കാണുന്നത്. നൈന്‍ചിയും അരുണാചല്‍ പ്രദേശും തമ്മില്‍ വെറും 160 കിലോമീറ്ററിന്റെ വ്യത്യാസമേ ഉള്ളൂ.

Signature-ad

മംഗോളിയയുടെ ഉപപ്രധാനമന്ത്രി, ചൈനയുടെ വിദേശകാര്യ മന്ത്രി, അഫ്ഗാനിസ്ഥാന്റെ ഇടക്കാല വിദേശകാര്യ മന്ത്രി എന്നിവരുള്‍പ്പെടെ നിരവധി പ്രാദേശിക പ്രമുഖര്‍ ഫോറത്തില്‍ പങ്കെടുക്കും. ദക്ഷിണ ടിബറ്റ് എന്ന് വിളിക്കുന്ന അരുണാചല്‍ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ അരുണാചല്‍ പ്രദേശിനെയും കിഴക്കന്‍ ലഡാക്കിലെ അക്‌സായി ചിന്‍ മേഖലയെയും ഉള്‍പ്പെടുത്തി ചൈന പുതിയ മാപ്പ് പുറത്തിറക്കിയിരുന്നു.

2021-ല്‍ അരുണാചല്‍ പ്രദേശിലെ 15 സ്ഥലങ്ങളുടെ പേര് ചൈന പുനര്‍നാമകരണം ചെയ്തും പ്രകോപനം സൃഷ്ടിച്ചിരുന്നു. അതേസമയം അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ എല്ലാ അവകാശവാദങ്ങളും ഇന്ത്യ തള്ളിയിട്ടുണ്ട്. നേരത്തെ ഏഷ്യന്‍ ഗെയിംസിനായി അരുണാചല്‍ പ്രദേശിലെ അത്ലറ്റുകള്‍ക്ക് വിസ നല്‍കാന്‍ ചൈന വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചൈന-ഇന്ത്യ ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയും ചെയ്തിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിന്നുള്ള കായികതാരങ്ങള്‍ക്ക് ബീജിംഗ് വിസയും അക്രഡിറ്റേഷനും നിഷേധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈനയുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഏഷ്യന്‍ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ചൈന സന്ദര്‍ശനം റദ്ദാക്കുകയും ചെയ്തിരുന്നു. ട്രാന്‍സ്-ഹിമാലയ ഫോറത്തിന് അരുണാചലിന് സമീപുള്ള പ്രദേശം തിരഞ്ഞെടുത്തത് ചൈനയുടെ അടുത്ത പ്രകോപനമാണ് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.

Back to top button
error: