KeralaNEWS

തട്ടം പിടിച്ച് വലിക്കല്ലേ! അനില്‍ കുമാറിനെ തള്ളിയ ജലീലിനെ പിന്തുണച്ച് ആരിഫ്

ആലപ്പുഴ: വിവാദ തട്ട പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിന്റെ പ്രസ്താവന പാര്‍ട്ടിയുടേത് അല്ലന്ന് വ്യക്തമാക്കിയ കെ.ടി.ജലീല്‍ എംഎല്‍എയെ പിന്തുണച്ച് എ.എം.ആരിഫ് എംപി.

തട്ടം തലയിലിടാന്‍ വന്നാല്‍ അത് വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാധീനംമൂലമാണെന്നായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം. എന്നാല്‍ അനില്‍ കുമാറിന്റേത് വ്യക്തിപരവും അബദ്ധ പരാമര്‍ശവുമാണെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീല്‍ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ഇത്തരത്തിലുള്ള നിലപാടില്ലെന്ന് വിശദീകരിച്ച് കൊണ്ട് കെ.ടി.ജലീല്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് എ.എം.ആരിഫ് ഷെയര്‍ ചെയ്തിട്ടുണ്ട്.

Signature-ad

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ ആരിഫ് എംപിയെ കുറിച്ചും ജലീല്‍ തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു.

”എന്റെ സുഹൃത്തും സി.പി.ഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എം.പിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കള്‍ ഉള്ള നാടാണ് കേരളം, ബഹുജന പാര്‍ട്ടിയാണ് സി.പി.ഐ (എം).
അത് മറന്ന് ചില തല്‍പരകക്ഷികള്‍ അഡ്വ: അനില്‍കുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സി.പി.ഐ. എമ്മിന്റേതാണെന്ന വരുത്തിത്തീര്‍ത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയില്‍ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേര്‍ന്നതല്ല” – ജലീല്‍ വ്യക്തമാക്കി.

അതേസമയം, അനില്‍ കുമാറിന്റെ പരാമര്‍ശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Back to top button
error: