NEWSPravasi

യുഎഇയില്‍ തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു; പിഴ ഈടാക്കുന്നത് ആര്‍ക്കെല്ലാം? എങ്ങനെ? വിശദമായി അറിയാം

അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു. ഇന്നലെ മുതൽ 400 ദിർഹം പിഴ ഈടാക്കും. പദ്ധതിയിൽ അംഗമാകാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പിഴ ഒഴിവാക്കാൻ ഒക്ടോബർ ഒന്നിന് മുമ്പ് പദ്ധതിയിൽ ചേരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു. അംഗമായ ശേഷം തുടർച്ചയായി മൂന്ന് മാസം വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാകും. ഇതിന് പുറമെ 200 ദിർഹം പിഴയും അടയ്‌ക്കേണ്ടി വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിയമം ബാധകമാണ്.

ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പദ്ധതിയിൽ 57 ലക്ഷം തൊഴിലാളികൾ ഇതുവരെ അംഗമായിട്ടുണ്ട്. ബിസിനസുകാർ, തൊഴിൽ ഉടമകൾ, ഗാർഹിക തൊഴിലാളികൾ, താൽക്കാലിക കരാർ ജീവനക്കാർ എന്നിവർക്ക് ഇളവുണ്ട്. ജോലി നഷ്ടപ്പെടുന്നവർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം തുക മൂന്ന് മാസത്തേക്ക് നഷ്ടപരിഹാരമായി നൽകുന്നതാണ് പദ്ധതി. 16,000 ദിർഹം വരെ മാസ ശമ്പളം ഉള്ളവർക്ക് മാസത്തിൽ 5 ദിർഹവും 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർക്ക് മാസത്തിൽ 10 ദിർഹവുമാണ് ഇൻഷുറൻസ് പ്രീമിയം.

Signature-ad

പദ്ധതിയുടെ വിശദ വിവരങ്ങൾ

സ്വകാര്യ മേഖലയിലും ഫെഡറൽ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളിലും ഫ്രീ സോണുകളിലും പ്രവർത്തിക്കുന്ന ജീവനക്കാർ ഒക്ടോബർ ഒന്നിന് മുമ്പ് ഇൻവോളന്ററി ലോസ് ഓഫ് എംപ്ലോയ്‌മെന്റ് (ഐഎൽഒഇ) പദ്ധതിയിൽ ചേരണമെന്നായിരുന്നു അറിയിപ്പ്. തൊഴിൽ നഷ്ടപ്പെട്ട് വരുമാനം നിലച്ചാൽ പരിമിതമായ കാലയളവിലേക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കുറഞ്ഞ ചെലവിൽ തൊഴിൽ രഹിതർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതാണ് പദ്ധതി. പദ്ധതിയിൽ ചേരാത്ത ജീവനക്കാർ പിഴ അടയ്ക്കണം. നിശ്ചിത തീയതി മുതൽ മൂന്ന് മാസത്തേക്ക് പിഴ അടയ്ക്കാൻ പരാജയപ്പെട്ടാൽ തുക അവരുടെ വേതന സംരക്ഷണ സംവിധാനം, എൻഡ് ഓഫ് സർവീസ് ഗ്രാറ്റുവിറ്റി അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗം എന്നിവയിലൂടെ ഈടാക്കും. നിർദിഷ്ട സമയപരിധിക്കുള്ളിൽ എല്ലാ പിഴകളും അടക്കുന്നതുവരെ ജീവനക്കാരന് പുതിയ വർക്ക് പെർമിറ്റിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

നിക്ഷേപകർ (ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമകളായവർ), ഗാർഹിക സഹായികൾ, താൽക്കാലിക കരാർ തൊഴിലാളികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, പെൻഷന് അർഹതയുള്ളവരും പുതിയ ജോലിയിൽ ചേർന്നവരുമായ വിരമിച്ചവർ എന്നിവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എൽ.ഒ.ഇ വെബ്‌സൈറ്റും ആപ്പും വഴി സ്‌കീമിൽ ചേരാം. കൂടാതെ അൽ അൻസാരി എക്‌സ്‌ചേഞ്ച്, വ്യാപാര കേന്ദ്രങ്ങൾ തവ്ജീഹും തഷീലും, ഇത്തിസലാത്ത്, കിയോസ്‌കുകൾ (യുപേ, എം.ബി.എം.ഇ പേ), ബോട്ടിം തുടങ്ങിയവ വഴിയും പദ്ധതിയിൽ അംഗമാകാം. അംഗമാകുന്നവർക്ക് അച്ചടക്ക നടപടിയോ രാജിയോ ഒഴികെയുള്ള കാരണങ്ങളാൽ ജോലി നഷ്ടപ്പെട്ടാൽ, മൂന്ന് മാസം വരെ സാമ്പത്തിക സഹായം ലഭിക്കുന്നതാണ് പദ്ധതി. കുറഞ്ഞത് 12 മാസമെങ്കിലും സ്‌കീമിൽ വരിക്കാരായിട്ടുണ്ടെങ്കിൽ മാത്രമേ ജീവനക്കാർക്ക് നഷ്ടപരിഹാരത്തിന് അർഹതയുള്ളൂ.

രണ്ട് വിഭാഗങ്ങളിലായാണ് ഇൻഷുറൻസ് ആനുകൂല്യം നൽകുന്നത്. ആദ്യ വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹമോ അതിൽ താഴെയോ ആണെങ്കിൽ പ്രതിമാസം അഞ്ച് ദിർഹവും വാറ്റുമാണ് പ്രീമിയം. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കിൽ പ്രതിമാസം 10,000 ദിർഹം വരെയാണ് നഷ്ടപരിഹാരം ലഭിക്കുക. രണ്ടാം വിഭാഗത്തിൽ അടിസ്ഥാന ശമ്പളം 16,000 ദിർഹത്തിന് മുകളിലുള്ളവർക്ക് പ്രതിമാസ പ്രീമിയം പത്ത് ദിർഹവും വാറ്റുമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം അല്ലെങ്കിൽ പ്രതിമാസം 20,000 ദിർഹം വരെയാണ് ആനുകൂല്യം. ഗുണഭോക്താവിന് പുതിയ ജോലി ലഭിച്ചാലോ ഗുണഭോക്താവ് യു.എ.ഇ വിട്ടാലോ ആനുകൂല്യങ്ങൾ നിർത്തലാക്കും.

Back to top button
error: